1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

സ്വന്തം ലേഖകന്‍: പോരാട്ടം വിജയിച്ച ആവേശത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട്, സമരം തുടരുമെന്ന് സമര സമിതി. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നിരോധനം ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കിയതോടെ ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജല്ലിക്കെട്ട് അരങ്ങേറും. ഇതോടെ ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നുവന്നിരുന്ന സമരങ്ങക്കള്‍ക്കും അവസാനമായി.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജെല്ലിക്കെട്ടുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശനിയാഴ്ച വൈകിട്ട് ചെന്നൈയിലെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്.

അലംഗനല്ലൂരില്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. ഒപ്പം ഞായറാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ മന്ത്രിമാര്‍ അവരവരുടെ ജില്ലകളില്‍ ജല്ലിക്കെട്ടിന് തിരിതെളിക്കും. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഈ മാസം 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പനീര്‍സെല്‍വം വ്യക്തമാക്കി.

കേന്ദ്ര നിയമ മന്ത്രാലയവുമായും പരിസ്ഥിതി മന്ത്രാലയവുമായും ചര്‍ച്ച ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ജെല്ലിക്കെട്ടിനിടെ കാളകളെ പീഡനത്തിന് ഇരയാക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ഓര്‍ഡിനന്‍സ്. മദ്യമോ മയക്കുമരുന്നോ കാളകള്‍ക്ക് നല്‍കില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ചുറപ്പാക്കും. ജല്ലിക്കെട്ട് നടപടികള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും.

ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറിയത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വിദ്യാര്‍ത്ഥിയുവജന സംഘടനകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണ് മറീന ബീച്ചില്‍ അരങ്ങേറിയത്. ജല്ലിക്കെട്ട് പുനരാരംഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിലപാട്.

അതിനിടെ ജല്ലിക്കെട്ട് നിരോധനത്തില്‍ അന്തിമവിധി പറയുന്നത് സുപ്രിം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഓര്‍ഡിനന്‍സ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്ന് സമരസമിതി അറിയിച്ചെങ്കിലും സമരം തുടരാനാണ് ജല്ലിക്കെട്ട് സമരസമിതിയുടെ തീരുമാനം. ചെന്നൈ മറീനാ ബീച്ചിലുള്‍പ്പടെ നടക്കുന്ന സമരങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ജല്ലിക്കെട്ട് നിയമവിധേയമാക്കുന്നതു വരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. നിരോധനം ഒഴിവാക്കുക മാത്രമേ ഇപ്പോഴുണ്ടായിട്ടുള്ളൂ. അതു കൊണ്ട് എല്ലാമായില്ല. ജല്ലിക്കെട്ട് നിയമവിധേയമാക്കുകയാണ് വേണ്ടതെന്നും സമിതി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.