സ്വന്തം ലേഖകന്‍: 1000 രൂപാ നോട്ടുകള്‍ ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്ന് സൂചന, കറന്‍സി നിയന്ത്രണങ്ങളും പിന്‍വലിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ വാരമോ കറന്‍സി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനു പിന്നാലെ തന്നെ പുതിയ 1000 രൂപാ നോട്ടുകളും സര്‍ക്കാര്‍ പുറത്തിറക്കും.
ആയിരം രുപയുടെ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി റിസര്‍വ് ബാങ്ക് എയര്‍ കാര്‍ഗോ ടെന്‍ഡര്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നാണ് വിവരം.
1938ല്‍ ബ്രിട്ടിഷ് ഭരണകാലത്തായിരുന്നു ആദ്യമായി 1000 രൂപ പുറത്തിറക്കിയത്. അത് 1946ല്‍ പിന്‍വലിക്കപ്പെട്ടു. 1954ല്‍ വീണ്ടും 1000 രൂപ നോട്ട് പുറത്തിറക്കി. 1978 ല്‍ അതും പിന്‍വലിക്കപ്പെട്ടു. 2000 നവംബറില്‍ മൂന്നാം തവണ പുറത്തിറക്കിയ ആയിരത്തിന്റെ നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബറില്‍ റദ്ദാക്കപ്പെട്ടത്. ഇതോടെ ആയിരം രൂപ നോട്ടിന്റെ നാലാം വരവാണ് ഇത്തവണത്തേത്.
എടിഎമ്മുകളില്‍നിന്ന് ഒറ്റയടിക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉടന്‍തന്നെ 24,000 രൂപയായി വര്‍ധിപ്പിച്ചേക്കും. കാരണം, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഇപ്പോള്‍ ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്.നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിലായി പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയുടെ നോട്ടുകളാണ്. ഇപ്പോള്‍ ദിവസം 12,000 കോടി രൂപ നിറയ്ക്കാന്‍ സാധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 8നാണ് കേന്ദ്രസര്‍ക്കാര്‍ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്. രാജ്യത്തെ കള്ളപണവും കള്ളനോട്ടും തടയുന്നതിനായാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാല്‍ പിന്‍വലിച്ച മുഴുവന്‍ കറന്‍സിയും ബാങ്കുകളില്‍ തിരിച്ചെത്തിയിരുന്നു. നിരോധനത്തിന് പിന്നാലെ പുതിയ 500, 2000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല