സ്വന്തം ലേഖകന്‍: കമ്പനി മാനേജര്‍ നിരന്തരം ഭീഷണിപ്പെടുത്തി, ജോലിമാറ്റം നിഷേധിച്ചു, പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളി യുവതിയുടെ കൊലപാതത്തില്‍ ദുരൂഹതയേറുന്നു, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍. മാനേജര്‍ തന്നെ പെടുത്തിയിരുന്നതായി കൊല്ലപെടുന്നതിന് മൂന്ന് ദിവസം മുന്‍പ് രസീല പരാതിപെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ടീം ലഞ്ചിന് പോകാന്‍ വിസമ്മതിച്ചതിനു ശേഷം മാനേജര്‍ തനിക്ക് അധിക ജോലി ഭാരം നല്‍കുന്നുവെന്നും രസീല പറഞ്ഞതായി അച്ഛന്‍ രാജു പറയുന്നു.
പിന്നീട് ബംഗ്‌ളൂരിലേക്ക് ജോലിമാറ്റം ആവശ്യപെട്ട രസീലയെ മാനേജര്‍ ഭീഷണിപെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. രസീലയുടെ മരണവിവരം അറിയിച്ചത് വൈകിയാണെന്നും ബന്ധുക്കള്‍ പറയുന്നു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം പൂനെയിലെത്തി മാനേജര്‍ക്കെതിരെ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. ഞായറാഴ്ചയാണ് ഇന്‍ഫോസിസിന്റെ പൂനെയിലെ ഹിഞ്ചേവാഡി ക്യാമ്പസില്‍ രസീലയെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്.
അവധിയായിട്ടും ഒരു പ്രൊജക്ടുമായി ബന്ധപെട്ട് ഉച്ചക്ക് രണ്ടിന് ഓഫീസിലെത്തിയ രസീലയെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. തുറിച്ചു നോട്ടം പരാതിപെടുമെന്ന് പറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാനാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
രസീലയുടെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിനു മുന്‍പ് പ്രതിയുമായി പിടിവലി ഉണ്ടായതായി പറയുന്നുണ്ട്. രസീലയുടെ നെഞ്ചത്തും മുഖത്തും ശക്തിയായി പ്രഹരമേറ്റിട്ടുണ്ട്. ഇടതു തോളില്‍ കടിയേറ്റതിന്റെയും പാടുകളുണ്ട്. ഇത് പിടിവലി നടന്നിട്ടുണ്ടെന്നതിന് തെളിവാണെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവസ്ഥലം ഇതുവരെ ഫോറന്‍സിക് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കാത്തത് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
‘ബംഗ്‌ളൂരിലേക്കുള്ള എന്റെ ട്രാന്‍സ്ഫര്‍ ഇന്നത്തെ എന്റെ ജോലിക്കനുസരിച്ചായിരിക്കും, ഫെബ്രുവരി ആദ്യവാരം തന്നെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിക്കാനാണ് സാധ്യത. എന്റെ ജോലിസ്ഥലത്തേക്ക് ആരോ വന്നിട്ടുണ്ട്, പിന്നെ വിളിക്കാം,’ ഇതായിരുന്നു രസീലയുടെ അവസാന ഫോണ്‍ സംഭാഷണം. ജനുവരി 29 ഞായറാഴ്ച രാത്രിയില്‍ തനിച്ച് ജോലി ചെയ്യേണ്ടി വന്നത് രസീലയെ അസ്വസ്ഥയാക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
സംഭവം നടന്ന് പിറ്റേന്നു തന്നെ ഇന്‍ഫോസിസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ സൈക്കിയ ഭാബനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജോലി സ്ഥലത്ത് രസീലക്ക് നേരിടേണ്ടിവന്നത് കടുത്ത മാനസിക പീഡനമാണെന്നാണ് സൂചന.
ടീം ലഞ്ചിന് ചെന്നില്ല എന്ന ഒറ്റ കാരണത്താല്‍ ടീം മാനേജര്‍ പലപ്പോഴും ജോലിയില്‍ സമ്മര്‍ദ്ദപ്പെടുത്തുമായിരുന്നു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് എല്ലാവരും പോയപ്പോഴും തനിച്ചിരുന്നു ജോലി ചെയ്യേണ്ട സ്ഥിതിയിലായിരുന്നു രസീല.
ഒരു സാമൂഹ്യ ചടങ്ങില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ ടീം മാനേജരുടെ ഇഷ്ടക്കേടിന് കാരണമായെന്നും ഏതാനും ആഴ്ചകള്‍ക്ക് ശേഷം ബാംഗ്‌ളൂരിലേക്ക് സ്ഥലം മാറ്റത്തിനായി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ നിരസിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും രസീലയെ ഒരു പാഠം പഠിപ്പിക്കുമെന്ന് ടീം മാനേജര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം പറയുന്നു.
റസീലയുടെ മരണം അറിയിക്കാന്‍ വൈകിയതും വീട്ടുകാര്‍ക്ക് സംശയത്തിനിട നല്‍കിയിട്ടുണ്ട്. 8.30 യോടെ സഹോദരനെ വിളിച്ചു പോലീസ് വിവരം പറയുകയായിരുന്നു. എന്നാല്‍ ബാംഗ്‌ളൂരിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് പിതാവിനെ വിളിച്ചു പറഞ്ഞത് 10.40 നായിരുന്നു. എന്താണ് വിവരം അറിയിക്കാന്‍ താമസിച്ചതെന്നാണ് വീട്ടുകാരുടെ ചോദ്യം. മാനേജര്‍ക്കും കമ്പനിയുടെ സെക്യുരിറ്റി മാനേജര്‍ക്കുമെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല