സ്വന്തം ലേഖകന്‍: വിമാനത്തിലെ കുളിമുറി കണ്ണാടിയില്‍ സന്ദേശം കുറിച്ച് മനുഷ്യക്കടത്തുകാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച വിമാന ജീവനക്കാരി. അമേരിക്കയിലെ അലാസ്‌ക്കാ എയര്‍ലൈന്‍സ് മുന്‍ ജീവനക്കാരിയും നടിയും മോഡലുമായ ഷെലിയാ ഫെഡ്രിക്കാണ് അതിസാഹസികവും ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ ഒരു കൗമാരക്കാരിയുടെ ജീവിതം രക്ഷിച്ച കഥ പറയുന്നത്.
എയര്‍ലൈന്‍സില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്ത് സീറ്റിലില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയ വിമാനത്തില്‍ വെച്ചായിരുന്നു യാത്രക്കാരിയെ ഇവര്‍ മനുഷ്യക്കടത്തുകാരില്‍ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെടുത്തിയത്. നന്നായി വസ്ത്രം ധരിച്ചിരിക്കുന്ന ഒരാളുടെ അരികില്‍ ജനാല സീറ്റിലായിരുന്നു 1415 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ഇരുന്നിരുന്നത്.
പെണ്‍കുട്ടിയുടെ തലമുടിയും വേഷഭൂഷാദികളുമാണ് ഫെഡ്രിറിക്കിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ അവള്‍ നരകത്തില്‍ നിന്നും വന്നവളെ പോലെയായിരുന്നു. രണ്ടു പേര്‍ക്കുമിടയില്‍ അസാധാരണമായ എന്തോ പുകയുന്നത് പോലെയും തോന്നി. ഇതിനിടയില്‍ രണ്ടു യാത്രക്കാരോടും ഫെഡ്രറിക് സംസാരിച്ചെങ്കിലും പെണ്‍കുട്ടി മിണ്ടാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല തലയുയര്‍ത്തി നോക്കിയത് പോലുമില്ല. ഫെഡ്രറിക്ക് പറയുന്നു
എല്ലാറ്റിനും ഉത്തരം പറഞ്ഞതാകട്ടെ ഒപ്പമുള്ളയാളും. സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ ഒപ്പമുള്ളയാള്‍ പെണ്‍കുട്ടിയെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന പോലെയും തോന്നി. പന്തികേട് തോന്നിയ ഫെഡ്രറിക്ക് പെണ്‍കുട്ടിക്ക് വേണ്ടി ബാത്ത്‌റൂമിലെ മിററില്‍ ഒരു സന്ദേശം കുറിച്ചു വെയ്ക്കുകയും അവിടേയ്ക്ക് പോകാന്‍ അടയാളം നല്‍കുകയും ചെയ്തു.
ഇതിന് മറുപടിയായി തനിക്ക് സഹായം ആവശ്യമുണ്ടെന്ന് പെണ്‍കുട്ടിയും കുറിച്ചു. തുടര്‍ന്ന് ഇവര്‍ വിമാനത്തിലെ പൈലറ്റിനെ കാര്യങ്ങള്‍ അറിയിച്ചു. അവര്‍ പോലീസിനെ ബന്ധപ്പെടുകയും വിമാനം ഇറങ്ങിയതിന് തൊട്ടു പിന്നാലെ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തു വര്‍ഷത്തെ വിമാന ജീവിതത്തിനിടയില്‍ ഇത്തരം അനേകം സംഭവങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ഫെഡ്രറിക്ക് വ്യക്തമാക്കുന്നു.
ഇപ്പോഴും അന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുമായി ബന്ധം നിലനിര്‍ത്തുന്ന ഫെഡ്രറിക് ആ പെണ്‍കുട്ടി ഇപ്പോള്‍ കോളേജില്‍ പഠിക്കുകയാണെന്നും വെളിപ്പെടുത്തി. വിമാന ജീവനക്കാര്‍ക്കുള്ള പരിശീലനത്തില്‍ മനുഷ്യക്കടത്തുകാരെ കണ്ടെത്താനുള്ള പരിശീലനം കൂടി നല്കണമെന്ന നിര്‍ദ്ദേശവും ഫെഡ്രിറിക്കിനുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല