സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കൂകിപ്പായാന്‍ ഇന്ത്യന്‍ റയില്‍വേ. ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലീപ്പൂരിനെയും ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി വീശി. നിലവില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ബസ്, ബോട്ട് സര്‍വ്വീസുകള്‍ മാത്രമാണ് ഉള്ളത്.
ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്താന്‍ ബസില്‍ 14 മണിക്കൂറും, ബോട്ടില്‍ 24 മണിക്കൂറും യാത്ര ചെയ്യണം. 40 മീറ്റര്‍ നീളത്തിലുള്ള ബ്രോഡ് ഗേജ് റെയില്‍വേ വരുന്നതോടെ മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്ര സാധ്യമാകും. 2,413.68 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍ ടൂറിസം സാധ്യതകളാണ് തുറക്കപ്പെടുക.
അതോടൊപ്പം നയതന്ത്ര പ്രധാന്യവും കണക്കിലെടുത്താണ് പദ്ധതിക്ക് മന്ത്രാലയം രൂപം നല്‍കിയത്. നിലവില്‍ ദ്വീപില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം നാലര ലക്ഷമാണ്. ഇത് ആറു ലക്ഷമായി വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ക്കുണ്ട്.
റെയില്‍ മന്ത്രാലയത്തിന്റെ ആസൂത്രണ സാമ്പത്തിക വിഭാഗം കഴിഞ്ഞ ആഴ്ചയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിയുടെ പകുതി ചിലവ് ആന്‍ഡമാന്‍ സര്‍ക്കാരാണ് വഹിക്കുന്നത്. 2014 ലാണ് റെയില്‍ പാതയുടെ സര്‍വ്വേയ്ക്ക് ആന്‍ഡമാനില്‍ തുടക്കം കുറിച്ചത്.
തന്ത്രപ്രധാന മേഖലയായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ റെയില്‍വെ സംവിധാനം പ്രതിരോധ സേനകള്‍ക്കും ഗുണകരമാകും. റെയില്‍ മന്ത്രാലയത്തിന്റെ ആസൂത്രണ സാമ്പത്തിക വിഭാഗം കഴിഞ്ഞ ദിവസം പദ്ധതിക്ക് അവസാന അനുമതി നല്‍കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല