1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2017

സ്വന്തം ലേഖകന്‍: പിടികൂടിയാല്‍ ലൈംഗിക അടിമയാക്കുമെന്ന് ഐഎസ്, തിരിച്ചുവരരുതെന്ന് ഡെന്മാര്‍ക്ക്, ഐഎസിനെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ച് നോട്ടപ്പുള്ളിയായ ജോവന്നാ പലാനിയുടെ ദുരന്ത കഥ. കുറച്ചുനാള്‍ മുമ്പുവരെ ജോവന്നാ പലാനി ഡെന്മാര്‍ക്കിലെ ഒരു പൊളിറ്റിക്‌സ് വിദ്യാര്‍ഥിനി മാത്രമായിരുന്നു. എന്നാല്‍ ഐഎസിനെതിരേ പോരാടാന്‍ സിറിയയിലെത്തി കുര്‍ദ്ദിഷ് സേനയില്‍ ചേര്‍ന്നതോടെ 23 കാരിയായ ജോവാന്നയുടെ ജീവിതം തലകീഴായി മറിഞ്ഞു. വീടും കുടുംബവും ഉപേക്ഷിച്ച് ഐഎസിനെതിരേ പോരാടിയ ജോവന്നാ ലോക പ്രശസ്തയായി.

എന്നാല്‍ ഇന്ന് ജോവാന്നാ പറയുന്നത് പ്രശസ്തിയോടൊപ്പം തനിക്കെല്ലാം നഷ്ടമായി എന്നാണ്. സിറിയയിലെ ജിഹാദികളെ നേരിടാനാണ് കോളജ് ജീവിതത്തിനു പോലും അവധി കൊടുത്ത് ജോവന്ന തന്റെ റഷ്യന്‍ നിര്‍മിത സ്‌നിപ്പര്‍ റൈഫിളുമായി സിറിയയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഇന്ന് ഡെന്മാര്‍ക്കിലെ കൊടുംകുറ്റവാളികളുടെ പട്ടികയിലാണ് ഇന്ന് ജോവാന്നയുടെ സ്ഥാനം. ഡാനിഷ് ഗവണ്‍മെന്റിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് ജിഹാദികള്‍ക്കെതിരേ പോരാടാന്‍ ജോവാന്ന സിറിയയിലേക്കു പോയത്.

ജോവന്നയെ ഡെന്മാര്‍ക്കിലേക്ക് വരുന്നതില്‍ വിലക്കിയിരിക്കുകയാണ് ഡാനിഷ് സര്‍ക്കാര്‍. പിടികൂടിയാല്‍ ജൊവന്നയെ ലൈംഗിക അടിമയാക്കുമെന്നും കൊന്നു കൊലവിളിക്കുമെന്നുമാണ് ഐഎസിന്റെ ഭീഷണി. ഇരുഭാഗത്തു നിന്നും വേട്ടയാടല്‍ ഉള്ളതിനാല്‍ ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്ന് ജൊവന്നാ വിതുമ്പിക്കൊണ്ട് പറയുന്നു. സാമ്പത്തികമായും ദുരിതത്തിലാണ് ഈ 23 കാരി.

ഇപ്പോള്‍ ഒളിവിലാണ് ജോയന്ന. ഐ.എസിന്റെ പിടയിലായാല്‍ അവര്‍ തന്നെ ലൈംഗിക അടിമയാക്കുകയും പിന്നീട് വധിക്കുകയും ചെയ്യുമെന്ന് ജോവന്ന ഭയക്കുന്നു. അതേസമയം സ്വന്തം രാജ്യത്തേക്ക് മടങ്ങിയാല്‍ അവിടെ അവരെ കാത്തിരിക്കുന്നത് നിയമനടപടികളാണ്. ഐ.എസിനൊപ്പം ചേര്‍ന്ന തീവ്രവാദിയായാണ് ജോവന്നയെ ഡെന്മാര്‍ക്ക് കണക്കാക്കുന്നത്. യാത്രാ നിരോധനം ലംഘിച്ച് സിറിയയിലേക്ക് പോയതിനാണ് സ്വന്തം രാജ്യത്ത് അവര്‍ തീവ്രവാദിയായി മുദ്രകുത്തപ്പെട്ടത്.

യാത്രാനിരോധനം ലംഘിച്ചുവെങ്കിലും തീവ്രവാദികള്‍ക്കെതിരെ പോരാടാനാണ് താന്‍ സിറിയയിലേക്ക് പോയതെന്ന് ജോവന്ന പറയുന്നു. നല്ല ഉദ്ദേശത്തോട് കൂടി സിറിയയിലേക്ക് പോയ തന്നെ ഡാനിഷ് സര്‍ക്കാര്‍ കുറ്റവാളിയാക്കാനാണ് അവര്‍ ആരോപിച്ചു. ഐ.എസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പായി തന്നെ ശിക്ഷിച്ച് ജയിലിലടയ്ക്കാണ് അവരുടെ ശ്രമമെന്നാണ് ജോവന്നയുടെ ആരോപണം.

സിറിയയിലും ഇറാഖിലും ഐഎസിനെതിരായി പോരാടിയ കുര്‍ദിഷ് വംശജയായ ജോവന്നയുടെ തലയ്ക്ക് ഐഎസ് പത്തു ലക്ഷം ഡോളര്‍ വിലയിട്ടത് വാര്‍ത്തയായിരുന്നു. പലാനിയെ വധിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ട് വിവിധ ഭാഷകളിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇറാനിയന്‍ വംശജയായ പലാനി, ഗള്‍ഫ് യുദ്ധത്തിന്റെ കാലത്ത് ഇറാഖിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.