സ്വന്തം ലേഖകന്‍: കൗമാര കാലത്ത് ക്രൂരമായി ബലാത്സംഗം ചെയ്തയാള്‍ക്ക് ടോക് ഷോയില്‍ മാപ്പു കൊടുത്ത് യുവതി, വീഡിയോ ചര്‍ച്ചയാകുന്നു. പ്രശസ്തമായ ടിഇഡി ടോക് ഷോയിലാണ് തോര്‍ഡിസ് എല്‍വ എന്ന യുവതി അവളെ ലൈംഗികമായി ആക്രമിച്ച ടോം സ്‌ട്രേഞ്ചര്‍ എന്നയാള്‍ക്ക് മാപ്പു കൊടുക്കാന്‍ തയ്യാറായത്. 1996 ലായിരുന്നു സ്‌ട്രേഞ്ചര്‍ എല്‍വയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. അന്ന് എല്‍വയ്ക്ക് 16 ഉം സ്‌ട്രേഞ്ചര്‍ക്ക് 18 ഉം വയസായിരുന്നു.
സുഹൃത്തുക്കളായ ഇരുവരും ഒരിക്കല്‍ സ്‌കൂളില്‍ ഡാന്‍സ് കഴിഞ്ഞ് വരുമ്പോഴായിരുന്നു സ്‌ട്രേഞ്ചര്‍ അപ്രതീക്ഷിതമായി എല്‍വയെ ഉപദ്രവിച്ചത്. എന്നാല്‍ നിയമ നടപടിക്ക് പോകാതെ എല്ലാം മറച്ചുവെച്ച എല്‍വ ജീവിതം തുടര്‍ന്നു. ഒടുവില്‍ ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഘട്ടത്തില്‍ കടുത്ത മാനസികാഘാതത്തില്‍ വീണുപോയതിനെ തുടര്‍ന്ന് എല്‍വ സ്‌ട്രേഞ്ചര്‍ക്ക് ഒരു കത്തെഴുതി. ഈ കത്താണ് ഇരുവരു തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവായത്.
അതിനും വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ഒക്‌ടോബറിലായിരുന്നു ഇരുവരും ആദ്യമായി ഒരു വേദിയില്‍ കണ്ടുമുട്ടിയത്. അഞ്ചു മാസങ്ങള്‍ക്ക് ശേഷം താന്‍ എന്തുകൊണ്ടാണ് കുറ്റവാളിക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറായതെന്നതിന്റെ വിശദീകരണവുമായി എല്‍വ വീണ്ടും എത്തി. ഇരുവരും ചേര്‍ന്ന് സംഭവത്തെക്കുറിച്ച് അവരവരുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തിയ സൗത്ത് ഓഫ് ഫോര്‍ഗിവ്‌നെസ് എന്ന പുസ്തകവുമായി വീണ്ടും വേദിയില്‍ എത്തിയതോടെ സംഭവം കുറ്റവും ശിക്ഷയും, ഇരയും കുറ്റവാളിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കും കാരണമായി.
രണ്ടുപേരും പങ്കെടുത്ത ടെലിവിഷന്‍ ടോക് ഷോയില്‍ അന്നത്തെ സംഭവത്തെക്കുറിച്ച് ഇരുവരും വിവരിക്കുകയും ചെയ്തു. പക്ഷേ ലോകം മുഴുവന്‍ പീഡനം ഗൗരവതരമായ വിഷയമായി കാണുമ്പോള്‍ ചര്‍ച്ച അഭിനന്ദനത്തെക്കാള്‍ വിളിച്ചുവരുത്തിയത് വിമര്‍ശനമായിരുന്നു. കുറ്റകൃത്യം നടത്തിയവനെ രക്ഷപ്പെടാന്‍ എല്‍വ അനുവദിച്ചത് നിശിതമായി വിമര്‍ശിക്കപ്പെട്ടു. പീഡകന് മാപ്പ് കൊടുത്തതിന്റെ പേരില്‍ എല്‍വയ്ക്ക് കടുത്ത ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു.
വിവരങ്ങള്‍ പോലീസിന് നല്‍കാതെ കുറ്റവാളിക്ക് മാപ്പ് നല്‍കിയതിനെതിരേ എല്‍വയെ ജോസഫൈന്‍ കാഷ്മാന്‍ എന്ന അഭിഭാഷക രൂക്ഷമായി വിമര്‍ശിക്കുന്നു. കോടതിയിലും ശിക്ഷാ രീതികളിലുമുള്ള വിശ്വാസമില്ലായ്മയാണ് കുറ്റവാളിക്ക് മാപ്പു നല്‍കിയതിലൂടെ എല്‍വ പ്രകടിപ്പിച്ചതെന്ന് കാഷ്മാന്‍ ആരാപിച്ചു. സംഭവം സമൂഹ മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല