1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന്‍ സുരേഷ്‌ഗോപി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് വ്യക്തമായ പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ പ്രാര്‍ഥനകള്‍ വലിയ സമരങ്ങളായി മാറുമെന്നും താരം മുന്നറിയിപ്പു നല്‍കി.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5ന് തിങ്കളാഴ്ച സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അത്യാഹിതം ഭയന്ന് ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളും ഭയാശങ്കകളോടെ ജീവിക്കുന്ന ജനസമൂഹവുമാണ് ഇവിടെയുള്ളത്. അവരുടെ ജീവന്‍ വലുതാണ്. അതുപോലെ അപ്പുറത്ത് ആശങ്കപ്പെടുന്ന കര്‍ഷകരുണ്ട്. അവരുടെ പ്രശ്‌നങ്ങളും പരിഗണിക്കപ്പെടണം. ഇതിനിടയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കായി പൊരുതുന്നവര്‍ ഭയാശങ്ക സൃഷ്ടിക്കുകയാണ്- സുരേഷ്‌ഗോപി പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്ന് നടന്‍ ദിലീപ് പറഞ്ഞു. മുല്ലപ്പെരിയാറിന്റെ പേരില്‍നടക്കുന്ന സമരങ്ങള്‍ അക്രമാസക്തമായാല്‍ നേട്ടമല്ല നഷ്ടമേ ഉണ്ടാകൂവെന്നും സമാധാനത്തോടെ വേണം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും പരസ്പരം എതിര്‍ക്കുന്നവര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണെന്ന് അമ്മ പ്രിസിഡന്റ് ഇന്നസെന്റ് പറഞ്ഞു. ഡാമിന്റെ പേരില്‍ ബഹളമുണ്ടാക്കുകയല്ല, സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അന്തിമമായി ഉണ്ടാകേണ്ടതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ അണിനിരന്ന പ്രാര്‍ഥനയില്‍ നടന്മാരായ മുകേഷ്, സിദ്ധിഖ്, ഇടവേള ബാബു എന്നിവരും സംവിധായകരായ ജോഷി, കമല്‍ തുടങ്ങിയവരും സാബു ചെറിയാന്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.