1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2012

അഞ്ച് ദിവസം മുമ്പ് ശെല്‍വരാജിന്‍െ മണ്ഡലമായ നെയ്യാറ്റിന്‍കരയിലെ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത് 19 കോടി രൂപ. സിപിഎമ്മിനെ ഞെട്ടിച്ച രാജിയ്ക്ക് ശേഷമാണ് ഈ വിവരം പുറത്തുവന്നിരിയ്ക്കുന്നത്. പാഞ്ചിക്കാട്ട് കടവ് പാലത്തിന് 16 കോടിയും നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് മൂന്ന് കോടിയുമാണ് സര്‍ക്കാര്‍ ധൃതിയില്‍ അനുവദിച്ചത്.

മരാമത്ത് ജോലികള്‍ക്കാണ് പണം അനുവദിച്ചത്. ഫെബ്രുവരി 27നായിരുന്നു മണ്ഡലത്തിലെ മരാമത്ത് പണികള്‍ക്കായി ശെല്‍വരാജ് അപേക്ഷ സമര്‍പ്പിച്ചത്. മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുമതിയും നല്‍കി. ഇതിന്റെ രേഖകള്‍ പുറത്തുവന്നതോടെ പിറവം മുന്നില്‍ക്കണ്ട് ശെല്‍വരാജിനെ യുഡിഎഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശക്തിപ്പെട്ടിരിയ്ക്കുകയാണ്.

അതേസമയം പദ്ധതികള്‍ക്കായി ഭരണാനുമതി നല്‍കിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. നിയമസഭയില്‍ സെല്‍വരാജ് സബ്മിഷന്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി മറുപടി നല്‍കി. നടപടി സ്വീകരിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശെല്‍വരാജ് മലക്കം മറിഞ്ഞു; ഇനി യുഡിഎഫിലേക്ക്?

യുഡിഎഫിലേയ്ക്ക് പോകുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന മുന്‍ നിലപാടില്‍ നിന്ന് രാജിവച്ച നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് പിന്നോട്ടുപോയി. സഹപ്രവര്‍ത്തകരുടെ വികാരം താന്‍ കണക്കിലെടുക്കുമെന്നാണ് ശെല്‍വരാജ് അറിയിച്ചത്. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ താന്‍ യുഡിഎഫിലേയ്ക്ക് പോകുന്ന കാര്യം താന്‍ ആലോചിക്കുമെന്നാണ് ശെല്‍വരാജ് അറിയിച്ചത്.

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ രാജി പ്രഖ്യാപനത്തിന് ശേഷം ശെല്‍വരാജുമായി യുഡിഎഫ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. അതിന്റെ ഫലമായി വെള്ളിയാഴ്ച വൈകിട്ടു തന്നെ യുഡിഎഫിലേയ്ക്ക് പോകില്ല എന്ന നിലപാടില്‍ ശെല്‍വരാജ് അയവു വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ശെല്‍വരാജ് രാജി തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിന് പിന്നില്‍ യുഡിഎഫ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുഡിഎഫിലേയ്ക്ക് ചേക്കേറാനാണ് ശെല്‍വരാജിന്റെ തീരുമാനമെന്നും യുഡിഎഫ് മന്ത്രി പദവി വാഗ്ദാനം ചെയ്തതിനാലാണ് രാജി ഉണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.