1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

അഞ്ചാം മന്ത്രി പദവി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. നിലവില്‍ സ്പീക്കറായ ജി. കാര്‍ത്തികേയനെ രാജിവെപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതോടൊപ്പം മുസ്ലീം ലീഗിലെ ഒരു മന്ത്രിയും രാജിവെയ്ക്കും. രാജി വയ്ക്കുന്ന ലീഗ് മന്ത്രിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കും. ഇതോടൊപ്പം ലീഗില്‍ നിന്ന്് പുതിയ ഒരാളെ മന്ത്രിയാക്കുകയും ചെയ്യും.

മന്ത്രിസഭയില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കപ്പെടും എന്നതിനാലാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍ മന്ത്രിസഭയിലേയ്ക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് കാര്‍ത്തികേയന്റെ നിലപാട്. രാജിവച്ചാല്‍ എംഎല്‍എ ആയി തുടരുമെന്നും കാര്‍ത്തികേയന്‍ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കാര്‍ത്തികേയനു പകരം കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരാളെ മന്ത്രിയാക്കാനും ആലോചനയുണ്ട്.

എന്നാല്‍ പുതിയ ഫോര്‍മുലയെക്കുറിച്ച് മുസ്ലീം ലീഗിന് യാതൊരു അറിവും ഇല്ലെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറിയായ കെപിഎ മജീദിന്റെ പ്രതികരണം. മഞ്ഞളാംകുഴി അലി മന്ത്രിയാകുന്ന കാര്യം ലീഗ് മുന്‍പേ പ്രഖ്യാപിച്ചതാണ്. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച ആവശ്യമില്ലെന്നും മജീദ് പറഞ്ഞു.

അതേസമയം അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അഞ്ചാം മന്ത്രിയ്ക്കായി പുതിയ ഫോര്‍മുലയൊന്നും രൂപീകരിച്ചിട്ടില്ല. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ യുഡിഎഫില്‍ സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിക്ക് അഞ്ചാമതൊരു മന്ത്രിയെക്കൂടി അനുവദിക്കണമെന്ന മുസ്‌ലീം ലീഗിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയുമായും ഇരുവരും പിന്നീട് ചര്‍ച്ച നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.