1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2012

വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത നിരാശയില്‍ ആത്മഹത്യക്കു ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതി(ആതിര-20) ആണു മരിച്ചത്. ഏപ്രില്‍ 17ന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ശ്രുതി തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി.

2010 ല്‍ അഡ്മിഷന്‍ ലഭിച്ച ഉടന്‍ തന്നെ പുളിഞ്ചുവുടിലുള്ള HDFC ബാങ്കിന്റെ ശാഖയില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും ബാങ്ക് അധികൃതര്‍ ശ്രതിക്ക് ഓരോ കാരണങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

80,000 രൂപയായിരുന്നു ഫീസായി നല്‍കേണ്ടിയിരുന്നത്. ഇതില്‍ 30,000 രൂപ ആദ്യ ഘട്ടമായി ഇവര്‍ സ്വന്തം നിലയ്ക്ക് നല്‍കി. രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടും ഫീസ് നല്‍കാതെ വന്നതോടെ കോളജ് അധികൃതരുടെ സമ്മര്‍ദം കൂടിയായതോടെ ശ്രുതി ആകെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പലതവണ ബാങ്ക് അധികൃതരെ സമീപിച്ചിട്ടും വായ്പ നല്‍കാന്‍ കൂട്ടാക്കിയില്ല.
രണ്ടാം ഘട്ട ഫീസ് നല്‍കാന്‍ കഴിയാതെ വന്നതോടെ ശ്രുതി അഞ്ച് മാസം മുമ്പ് പഠനം നിര്‍ത്തി വീട്ടിലെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ സംസ്‌കരിക്കും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശ്രുതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുടമാളൂര്‍ പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. അയ്മനം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പെട്ടവരായതുകൊണ്ട് പുളിഞ്ചുവടിലെ HDFC ബാങ്കില്‍ നിന്നാണ് ഇവര്‍ക്ക് വായ്പ ലഭിക്കേണ്ടത്. എന്നിട്ടും മറ്റേതെങ്കിലും ബാങ്കിനെ സമീപിക്കാന്‍ ബ്രാഞ്ച് മാനേജര്‍ പറയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.