അരീക്കോട് കുനിയില്‍ സഹോദരങ്ങളുടെ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുശേഷം സി.പി.എമ്മിനെതിരായ ജനരോഷത്തില്‍നിന്ന് രക്ഷ നേടാന്‍ കുനിയില്‍ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഊഹാപോഹങ്ങള്‍ക്ക് ആയുസ്സുണ്ടാവൂ.
ഫുട്ബാള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദാരുണമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ലീഗ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ലീഗിനോ പി.കെ. ബഷീര്‍ എം.എല്‍.എക്കോ വധവുമായി ബന്ധമില്ല. ഏതുതരം അന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്ന് പി.കെ. ബഷീര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുനിയില്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കൊലപാതകങ്ങളിലും അക്രമങ്ങളിലും മുസ്ലിം ലീഗിന് മറച്ചു വെക്കാന്‍ ഒന്നുമില്ല.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല