അക്കാദമിക പരിശോധനയ്ക്കുള്ള അധികാരത്തോടെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമിതിയില്‍ 75 ശതമാനം പേര് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളായിരിക്കും. അധ്യാപകരുടെ സമയനിഷ്ഠ, കുട്ടികളുടെ അധ്യയന നിലവാരം എന്നിവ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് സ്കൂള്‍ മാനേജ്മെന്റ് സമിതികള്‍ രൂപവത്കരിക്കുക. ഇതുസംബന്ധിച്ച ഡി. പി.ഐ.യുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
എന്നാല്‍ സര്‍ക്കാര്‍ സ്കൂളില്‍ മാത്രമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. എയ്ഡഡ് സ്കൂളുകളെ ഇതില്‍ നിന്ന് ഒഴിവാക്കി.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദേശമനുസരിച്ചാണ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ സ്കൂളിലെ അധ്യയന പുരോഗതി പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. അധ്യാപകരുടെമേല്‍ സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ട്.
സ്കൂളിന്റെ വികസന പദ്ധതി തയ്യാറാക്കുക, സര്‍ക്കാറില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, പണത്തിന്റെ വരവുചെലവ് കണക്ക് നോക്കുക, ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ അധികാരങ്ങളും സമിതിക്കായിരിക്കും.
രക്ഷിതാക്കളുടെ പ്രതിനിധികളില്‍ എസ്.സി, എസ്.ടി , ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. സ്കൂള്‍ നില്ക്കുന്ന വാര്‍ഡിലെ തദ്ദേശസ്ഥാപനാംഗം, അധ്യാപകരുടെ ഒരു പ്രതിനിധി, ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന രണ്ടു പേര് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
തങ്ങളുടെ അധികാരത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ കൈകടത്തുന്ന നിര്‍ദേശമാണിതെന്ന് ചൂണ്ടിക്കാട്ടി എയ്ഡഡ് മാനേജ്മെന്റ് ഈ നിര്‍ദേശത്തെ ആദ്യം മുതല്‍ തന്നെ എതിര്‍ത്തിരുന്നു.
ഈ എതിര്‍പ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കുകയായിരുന്നു.
അക്കാദമിക പരിശോധന നടത്താന്‍ പഞ്ചായത്തംഗം ഉള്‍പ്പെടുന്ന സമിതിക്ക് അധികാരം നല്‍കുന്നതിനെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല