കണ്ണൂര്‍:തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പ്രതിയായേക്കും.
തിങ്കളാഴ്ച നടന്ന രണ്ടാമത്തെ ചോദ്യംചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ജയരാജനില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസിലുള്‍പ്പെട്ട മറ്റു സി.പി.എം.പ്രവര്‍ത്തകരുടെ മൊഴി നിഷേധിക്കാന്‍ ജയരാജന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിയാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.
കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ എസ്.പി. രാഹുല്‍ ആര്. നായരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഒരു മണിക്കൂര്‍ പി.ജയരാജനെ ചോദ്യംചെയ്തു. ജൂണ്‍ 12നും ജയരാജനെ ചോദ്യംചെയ്തിരുന്നു. അന്ന് പറഞ്ഞതില്‍ അവ്യക്തതയും പ്രതികളില്‍ ചിലര്‍ നല്കിയ മൊഴികള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങളും ഉണ്ടായിരുന്നു. അതിനാലാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ജൂണ്‍ 22ന് രണ്ടാമതും ചോദ്യംചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് ജയരാജന് അറിയിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
സി.പി.എം. നേതാക്കളെ ആക്രമിച്ച സംഭവത്തില്‍ തിരിച്ചടിക്കാനുള്ള പദ്ധതി ആസൂത്രണംചെയ്തത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍വെച്ചായിരുന്നു. ഇതേപ്പറ്റി ജയരാജന് അറിവുണ്ടായിരുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണു, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി അംഗം എ.വി.ബാബു എന്നിവരുടെ മൊഴിയാണ് പ്രധാനമായും ജയരാജന് എതിരായിട്ടുള്ളത്. തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലില്‍ ഇത് നിഷേധിക്കാന്‍ ജയരാജന് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ജയരാജന്റെ മൊഴി കൂടുതല്‍ പരിശോധിച്ചശേഷമായിരിക്കും അദ്ദേഹത്തെ പ്രതിചേര്‍ക്കുക. ഗൂഢാലോചന അറിഞ്ഞിട്ടും തടയാതിരുന്നതാവും ജയരാജനെതിരെ ചുമത്തുന്ന കുറ്റം.
ഷുക്കൂര്‍ കൊല്ലപ്പെട്ട ഫിബ്രവരി 20ന് രണ്ടര മണിവരെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍നിന്ന് പോയ കോളുകളാണ് സി.പി.എം.നേതാക്കളെ കുടുക്കിയത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല