1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ടി. പത്മനാഭനും ആനന്ദിനും 2011ലെ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (ഫെലോഷിപ്). ചാത്തനാത്ത് അച്യുതനുണ്ണി, പ്രഫ.പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ സമഗ്ര സംഭാവനാപുരസ്കാരത്തിന് അര്‍ഹരായി. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
50,000 രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങിയതാണ് ഫെലോഷിപ്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങിയതാണ് സമഗ്ര സംഭാവനാ പുരസ്കാരം. പുരസ്കാരങ്ങള്‍ പിന്നീട് മുഖ്യമന്ത്രി വിതരണം ചെയ്യും.
ടി. പത്മനാഭന്‍ ആദ്യമായാണ് അക്കാദമിയുടെ ഏതെങ്കിലുമൊരു അംഗീകാരം സ്വീകരിക്കാനൊരുങ്ങുന്നത്. 1974ല്‍ ‘സാക്ഷി’ അക്കാദമി അവാര്‍ഡ് നേടിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. 1981ല്‍ ആനന്ദിന്റെ ‘വീടും തടവും’ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. അദ്ദേഹവും നിരസിക്കുകയാണുണ്ടായത്. എന്നാല്‍ 1985ല്‍ ‘അഭയാര്‍ഥികള്‍’ക്ക് നോവലിനുള്ള അവാര്‍ഡ് ആനന്ദ് സ്വീകരിച്ചിരുന്നു.
വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ നേരത്തെ ടി.പത്മനാഭന് ലഭിച്ചിട്ടുണ്ട്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, സമസ്ത കേരളം സാഹിത്യ പരിഷത്ത്, സഹൃദയവേദി, അബൂദബി മലയാള സമാജം അവാര്‍ഡുകള്‍ എന്നിവ ആനന്ദ് നേടിയിട്ടുണ്ട്. ഗുരുവായൂര്‍ സ്വദേശി ചാത്തനാത്ത് അച്യുതനുണ്ണി വള്ളത്തോള്‍ വിദ്യാപീഠം സ്ഥാപക സെക്രട്ടറിയും തിരൂര്‍ തുഞ്ചന്‍ സ്മാരകം വൈസ് ചെയര്‍മാനുമാണ്. ജോസഫ് വൈറ്റില ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രം ‘സമയം’ മാസികയുടെ പത്രാധിപരും നാടക നടനുമാണ്.
നോവലിസ്റ്റും കഥാകാരിയുമായ കെ.ബി. ശ്രീദേവിക്ക് കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ്, നവസാഹിത്യ പുരസ്കാരം, ‘നിറമാല’ എന്ന സിനിമയുടെ കഥക്കും സംഭാഷണത്തിനും സംസ്ഥാന ഫിലിം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
തൊടുപുഴക്കാരനായ പ്രഫ. പി.ടി. ചാക്കോ മൂവാറ്റുപുഴ നിര്‍മല കോളജ് അധ്യാപകനായിരുന്നു. മലയാളത്തില്‍ 30ലധികം ഗ്രന്ഥങ്ങള്‍ എഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.