1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012

പലിശയ്ക്കു വാങ്ങിയ പണം മടക്കിനല്‍കാത്തതിന് നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന 13 സെന്‍റ് ഭൂമി എഴുതിവാങ്ങിയശേഷം വിട്ടയച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു.

കവടിയാര്‍ ഹീര ഫ്ലാറ്റിലെ താമസക്കാരനായ അജീഷിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. ഭൂമി കച്ചവടം നടത്തിയിരുന്ന അജീഷ് തട്ടിക്കൊണ്ടുപോയവരില്‍നിന്ന് ആറുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഭൂമി വാങ്ങാനായിരുന്നു കടംവാങ്ങല്‍. എന്നാല്‍ വാങ്ങിയ ഭൂമി മറിച്ചുവില്‍ക്കാനാവാതെവന്നപ്പോള്‍ അജീഷിന് പണം മടക്കിനല്‍കാനായില്ല. ഇത് ഈടാക്കുന്നതിനായാണ് കവടിയാര്‍ ഭാഗത്തുനിന്ന് അജീഷിനെ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കാര്‍ പോലീസ് നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും ആരുടേതാണെന്ന് കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ കൊല്‍ക്കത്തയിലായിരുന്ന അജീഷിന്റെ അമ്മ സിന്ധു മകനെ തട്ടിക്കൊണ്ടുപോയതറിഞ്ഞ് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ തട്ടിക്കൊണ്ടുപോയ സംഘം സിന്ധുവിന്റെ ഫോണില്‍ വിളിച്ച് അജീഷിന്റെ ജീവന്‍ അപകടത്തിലാണെന്നറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇവര്‍ ചാക്കയിലുള്ള 13 സെന്‍റ് സ്ഥലം രജിസ്ട്രാര്‍ ഓഫീസിലെത്തി അക്രമികളില്‍ ഒരാളുടെ അമ്മയായ ലീലയുടെ പേരില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന വീട് അക്രമികള്‍ നേരത്തേ കൈയേറിയെന്ന് അജീഷ് പോലീസിനോട് പറഞ്ഞു.

ഭൂമി കൈമാറ്റ വിവരമറിഞ്ഞെത്തിയ മ്യൂസിയം പോലീസ് ഒരാളെ പിടികൂടിയിരുന്നെങ്കിലും ഇയാള്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലില്ല എന്നാണ് അജീഷ് പറഞ്ഞത്. നാലുമാസം മുമ്പുതന്നെ തനിക്ക് ഭീഷണിയുണ്ടെന്നുകാട്ടി അജീഷ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും പറയുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മ്യൂസിയം പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.