1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

നെല്ലിയാമ്പതി ഭൂമി പ്രശ്നത്തില്‍ യു.ഡി.എഫിലും കെ.പി.സി.സി പുനഃസംഘടനാ പ്രശ്നത്തില്‍ കോണ്‍ഗ്രസിലും കലാപം. പ്രശ്നം പഠിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി നിയോഗിച്ച സമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം. ഹസന്‍ രാജിവെച്ചു. മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കലാപം ഉയര്‍ത്തിയതിനെ തുടര്‍ന്ന്, ദല്‍ഹിയില്‍ ആരംഭിച്ച കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ അനിശ്ചിതമായി മരവിപ്പിച്ചു.

യു.ഡി.എഫ് നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ ‘അവിശ്വാസം’ പ്രകടിപ്പിച്ച് ഒരു സംഘം എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ പോയതോടെയാണ് കണ്‍വീനര്‍ എം.എം. ഹസന്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. സന്ദര്‍ശനം തടയാതിരുന്നത് യു.ഡി.എഫ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് ഹസന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റോ മുഖ്യമന്ത്രിയോ എം.എല്‍.എമാരുടെ സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സമിതിയുടെ കണ്‍വീനറായി തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഹസന്‍ പറഞ്ഞു. പി.സി. ജോര്‍ജിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും മറ്റു മുതിര്‍ന്ന നേതാക്കളും ഏറെ ക്ഷോഭത്തോടെയാണ് ദല്‍ഹിയില്‍ നടന്ന നേതൃകൂടിക്കാഴ്ചകളില്‍ സംസാരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരൊന്നും നെല്ലിയാമ്പതി പ്രശ്നത്തിലെ പുതിയ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

ഇതിനിടയിലാണ് കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ ദല്‍ഹിയില്‍ അനിശ്ചിതത്വത്തിലായത്. പക്ഷേ, കേരളത്തില്‍നിന്ന് വി.എം. സുധീരന്‍ വെടിപൊട്ടിച്ചതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. കെ. മുരളീധരനും എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തിയിരുന്നു. കൂടിയാലോചനകള്‍ കൂടാതെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്നതിനെയാണ് ഇരുവരും ചോദ്യംചെയ്തത്. ഇത് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവര്‍ പ്രതീക്ഷിക്കാത്തതായി. എല്ലാവരുമായി കൂടിയാലോചിക്കാതെ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും രാത്രി വൈകി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു.

ഇതോടെ, ദിവസം മുഴുവന്‍ നടന്ന ചര്‍ച്ചകള്‍ വെറുതെയായി. രണ്ടുദിവസം ദല്‍ഹിയില്‍ വിവിധ നേതാക്കളുമായി കൂടിയാലോചിച്ച് ഹൈകമാന്‍ഡിന്റെ സമ്മതം വാങ്ങി കെ.പി.സി.സി പുനഃസംഘടനാ പരിപാടിയുമായി മടങ്ങാമെന്ന കണക്കുകൂട്ടലോടെയാണ് നേതാക്കള്‍ ദല്‍ഹിയിലെത്തിയത്. എ,ഐ വിഭാഗങ്ങള്‍ മാത്രം പങ്കിട്ടെടുക്കുന്ന വിധത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്ത്രപരമായി നീങ്ങുന്നതില്‍ വയലാര്‍ രവിക്കും പഴയ കരുണാകരന്‍ വിഭാഗത്തിനുമൊക്കെ എതിര്‍പ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.