1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാന ഇന്‍റലിജന്‍സ് കേരളത്തിലെ പോലീസ് ഓഫീസര്‍മാരുടെ ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കിത്തുടങ്ങി. എല്ലാ ജില്ലകളിലും സംസ്ഥാന ഇന്‍റലിജന്‍സിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തിലാണ് പോലീസ് ഓഫീസര്‍മാരെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിശദമായി ഓഫീസര്‍മാരുടെ വിശദമായ പ്രവര്‍ത്തന-സ്വഭാവ ലിസ്റ്റ് തയ്യാറാക്കുന്നത്.

എ.എസ്.ഐ.മുതല്‍ എസ്.പി.വരെയുള്ള ഓഫീസര്‍മാരെയാണ് ഇന്‍റലിജന്‍സ് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഇതിനകം 70 ശതമാനത്തിലധികം റിപ്പോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. ഇതുവരെ എടുത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാന പോലീസിലെ ഭൂരിഭാഗം ഓഫീസര്‍മാരും അഴിമതിക്കാരോ കൈക്കൂലിക്കാരോ ആണ്. ഏറ്റവും കുടുതല്‍ അഴിമതിക്കാര്‍ സി.ഐ.മാരാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍ കയറിയ എസ്.ഐ.മാര്‍ക്കിടയില്‍ അഴിമതി താരതമ്യേന കുറവാണെന്നാണ് ഇന്‍റലിജന്‍സിന്റെ കണ്ടെത്തല്‍.

പോലീസ് ഓഫീസര്‍മാരില്‍ 18 ശതമാനത്തിലധികം പേര്‍ക്ക് ഗുണ്ട, മാഫിയ സംഘങ്ങളുമായി അടുത്ത ബനധമുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഏറ്റവുമധികം തൃശ്ശൂര്‍, ഇടുക്കി, കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ്.

നല്ലപോലെ ജോലിയെടുക്കുന്നവര്‍, ജോലിയില്‍ സാമാന്യം കഴിവു തെളിയിച്ചവര്‍, ഒരു പൈസയ്ക്കുപോലും പണിയെടുക്കാത്തവര്‍, കൊടുത്താലും കൈക്കൂലി വാങ്ങാത്തവര്‍, കൈക്കൂലി ചോദിച്ചു വാങ്ങുന്നവര്‍, ചോദിക്കാതെ കൈക്കൂലി നല്‍കിയാല്‍ മാത്രം സ്വീകരിക്കുന്നവര്‍ എന്നിങ്ങനെ വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് സംസ്ഥാന ഇന്‍റലിജന്‍സ് ആസ്ഥാനത്തേക്ക് ഉടനെ എത്തുക.

ചില ജില്ലകളില്‍ നല്ല പോലീസ് ഓഫീസര്‍മാരുടെ എണ്ണം വളരെക്കുറവാണ്. കൊല്ലം റൂറല്‍ ജില്ലയും കോട്ടയവും ഇടുക്കിയുമാണ് ഇതില്‍ ഏറെ മുന്നില്‍. കൊല്ലം സിറ്റിയിലും കൊച്ചി സിറ്റിയിലും താരതമ്യേന അഴിമതിക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു. സി.ഐ.മാരില്‍ ഏറ്റവും വലിയ അഴിമതിക്കാരുള്ള ജില്ലകള്‍ കൊല്ലവും ഇടുക്കിയും തൃശ്ശൂരുമാണ്. എല്ലാ ജില്ലകളിലും നല്ല എസ്.ഐ.മാരുടെ എണ്ണം കൂടുതലാണ്. ചില എസ്.പി.മാര്‍ അഴിമതിക്കാരയും സ്പിരിറ്റ് ലോബിയെയും നിരന്തരം സഹായിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിരവധി സ്റ്റേഷനുകളില്‍ യഥാര്‍ത്ഥ പോലീസ് ഭരണം നടത്തുന്നത് പോലീസുകാരാണ്.

ഇന്‍ലിജന്‍സിന്റെ ഈ വിലയിരുത്തല്‍ പ്രകാരമായിരിക്കും ഇനി സര്‍ക്കാര്‍ നിശ്ചിത തസ്തികകളിലേക്ക് പോലീസ് ഓഫീസര്‍മാരെ പരിഗണിക്കുകയെന്നാണ് സൂചന. ഇന്‍റലിജന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പിക്കാന്‍ തിരുവനന്തപുരം ഇന്‍റലിജന്‍സ് ആസ്ഥാനത്ത് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്‍റലിജന്‍സ് എ.ഡി.ജി.പി. ടി.പി.സെന്‍കുമാറാണ് മേല്‍നോട്ടം വഹിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.