ആലപ്പുഴ : അറുപതാമത് നെഹ്‌റൂ ട്രോഫി വളളം കളി ഇന്ന്. 20 ചുണ്ടന്‍ വളളങ്ങളടക്കം 64 വളളങ്ങള്‍ മത്സരിക്കുന്ന നെഹ്‌റൂട്രോഫി വളളംകളി ലോക്‌സഭ് സ്പീക്കര്‍ മീരാ കുമാര്‍ ഉത്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനാകും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പതാക ഉയര്‍ത്തും. നെഹ്‌റു പവിലിയനു സമീപം സ്ഥാപിച്ച നെഹ്‌റു പ്രതിമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്യും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
മ്യൂസിയം ശിലാസ്ഥാപനം മന്ത്രി കെ.എം. മാണിയും നെഹ്‌റു ട്രാഫി ബോട്ട് റേസ് സൊസൈറ്റി ഓഫിസ് ശിലാസ്ഥാപനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിക്കും. സുവനീര്‍ മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്യും. സംഗീത ചക്രവര്‍ത്തി ഇളയരാജയെ മന്ത്രി കെ.സി. ജോസഫ് ആദരിക്കും. തോമസ് ഐസക് എംഎല്‍എ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാര്‍, നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കലക്ടര്‍ പി. വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുക്കും.
തുടര്‍ന്നു ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ്, വെപ്പ് ഗ്രേഡ് എ, ഇരുട്ടുകുത്തി ബി ഗ്രേഡ് എന്ന ക്രമത്തില്‍ മല്‍സരം ആരംഭിക്കും. തുടര്‍ന്നാണ് ആവേശം കൊടുമുടി കയറുന്ന ഫൈനല്‍. ഇതിനിടെ കഴിഞ്ഞവര്‍ഷത്തെ ദേവാസ് ചുണ്ടന് മത്സരത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ജേതാക്കളായ ദേവാസ് ചുണ്ടന്, ഫൈനലില്‍ ജഴ്‌സി ധരിച്ചില്ലെന്ന കാരണത്താല്‍ നല്‍കിയ ഒന്നാം സമ്മാനം തിരിച്ചെടുക്കുകയും ഭാവിയില്‍ മല്‍സരങ്ങളില്‍നിന്ന് അയോഗ്യരാക്കുകയും ചെയ്തതു സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഈ തര്‍ക്കത്തിന്റെ വിധിയുടെ അടിസ്ഥാനത്തിലാകും ചുണ്ടന്റെ ഈ മത്സരത്തിലെ പങ്കാളിത്തം നിശ്ചയിക്കപ്പെടുന്നത്. ദേവാസ് ചുണ്ടന്റെ ഉടമ ടി.എസ്. കലാധരന്‍, ജീസസ് ബോട്ട് ക്ലബ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഏബ്രഹാം കോശി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഇതു റിട്ട് ഹര്‍ജിയുടെ പരിഗണനയില്‍ വരുമോ എന്ന കാര്യവും കോടതി പരിഗണിച്ചുവരികയാണ്. സ്‌റ്റേയുടെ ബലത്തിലാണു ദേവാസിന് പങ്കെടുക്കാന്‍ കഴിയുന്നതെന്നും, തുടര്‍ന്നുള്ള ഉത്തരവു ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല