‘ആക്രമണ ഭീഷണി’യെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 5000ഓളം പേര് ബാംഗ്ലൂര്‍ നഗരം വിടാനൊരുങ്ങുന്നു. നഗരത്തിലുണ്ടായ ചില അക്രമസംഭവങ്ങളാണ് ഇത്തരമൊരു അഭ്യൂഹം പരത്തിയതെന്ന് സംശയിക്കുന്നു. പുനെയിലും മുംബൈയിലുമുണ്ടായ സമാന ആക്രമണങ്ങളാണ് ഇത്തരമൊരു ആശങ്ക സജീവമാക്കുന്നത്.
കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് കയറുന്നതിനുവേണ്ടി 5000ഓളം പേരാണ് ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ഇത്തരം കിംവദന്തികള്‍ വിശ്വസിക്കരുതെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ബാംഗ്ലൂര്‍ നഗരത്തില്‍ യാതൊരു സുരക്ഷാഭീഷണിയും ഇല്ലെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി മന്മോഹന്സിങും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും വിഷയവുമായി ബന്ധപ്പെട്ട് ഷെട്ടാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് തെറ്റിദ്ധരിച്ച് രണ്ട് ടിബറ്റന്‍ കോളജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ടിക്കറ്റിനായി തിക്കും തിരക്കും തുടങ്ങിയതോടെ റെയില്‍വേ ഗുവാഹത്തിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പായി ചില തീവ്രവാദസംഘടനകള്‍ മൈസൂരിലേക്ക് എത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള ബാംഗ്ലൂര്‍ നഗരത്തില്‍ ഇത്തരമൊരു ആക്രമണം നടത്താന്‍ മുസ്ലീം മതമൗലികവാദികള്‍ ശ്രമിക്കില്ലെന്നാണ് പൊതുവെ കരുതുന്നത്.
സംഘപരിവാര സംഘടനകള്‍ക്കും ഏറെ വളക്കൂറുള്ള സ്ഥലമാണ് ഈ ഐടി നഗരം. ഏതെങ്കിലും രീതിയില്‍ കലാപം പൊട്ടിപുറപ്പെട്ടാല്‍ നിയന്ത്രാധീനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല