ഒടുവില്‍ ആ ആശ്വാസവാര്‍ത്ത. തിരുവനന്തപുരം വിമാനത്താവളത്തിലെ മോഷണം തടയാനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് നടപടി.
വിമാനത്താവളത്തിലെ മോഷണത്തെപ്പറ്റി അന്വേഷിക്കാന്‍ ഡി.സി.പി വിമലപുട്ടാദിത്യ, ശംഖുംമുഖം എ.സി. കെ.എസ്.വിമല്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ വിമാനത്താവളത്തിലെത്തി. വിമാനത്താവള സുരക്ഷാത്തലവന്‍ സി.ഐ.എസ്.എഫ് കമാന്‍ഡന്റ് ദീപക് ചൗഹാനുമായി ഇരുവരും ചര്‍ച്ച നടത്തി. ആഭ്യന്തര, അന്താരാഷ്ടവിമാനത്താവളങ്ങളിലായി 201 നിരീഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ബാഗേജുകള്‍ കയറ്റിറക്ക് നടത്തുന്ന മേഖലയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. ഈ മേഖലയില്‍ ക്യാമറ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഡി.സി.പി പറഞ്ഞു. വെളിച്ചക്കുറവുള്ള മേഖലകളില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ടാകണം. യാത്രക്കാരന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനുള്ളിലെത്തി തെളിവെടുക്കും.
മാത്രമല്ല മുന്‍പ് നടന്ന മോഷണങ്ങളുടെയും പട്ടിക പരിശോധിക്കും.വിമാനത്താവളത്തില്‍ നടക്കാന്‍ പോകുന്ന സുരക്ഷാ യോഗത്തില്‍ ഇവ ചര്‍ച്ചചെയ്യുമെന്ന് ഡി.സി.പി വ്യക്തമാക്കി. വിമാനത്താവളത്തില്‍ കയറ്റിറക്ക് തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ വിമാനത്താവളത്തിനു പുറത്ത് പോകുമ്പോള്‍ ഇവരെ നിര്‍ബന്ധമായും ദേഹപരിശോധന നടത്തുമെന്ന് വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. ഇതിലേക്കുള്ള നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. മാത്രമല്ല വിലപിടിപ്പുള്ള സാധനങ്ങള്‍ യാത്രക്കാര്‍ രജിസ്‌ട്രേര്‍ഡ് ബാഗില്‍ സൂക്ഷിക്കാതെ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനികള്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കളവ് കണ്ടുപിടിക്കപ്പെട്ടാല്‍ തൊഴിലാളികളെ നിര്‍ബന്ധമായും നിയമത്തിനു മുന്നിലേക്ക് എത്തിക്കേണ്ട ചുമതലയും കമ്പനികള്‍ക്കായിരിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് ആഭരണങ്ങളും പണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെടുന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കയറ്റിറക്ക് തൊഴിലാളികള്‍ മുതല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കുവരെ ഇതിന്റെ പങ്കെത്തുന്നുണ്ടെന്നാണ് ആരോപണം. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങിയാല്‍ രാഷ്ട്രീയ നേതാക്കന്‍മാര്‍ എതിര്‍പ്പുമായെത്തും. ഇവര്‍ക്കും വേണ്ട വിധത്തില്‍ പങ്ക് ലഭിക്കുന്നുണ്ടെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. വിമാനത്താവളത്തിനുള്ളില്‍ തന്നെയാണ് കവര്‍ച്ച നടക്കുന്നത്. വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ ബാഗേജുകളില്‍
സ്വര്‍ണാഭരണമോ, പണമോ, വിദേശ ഡോളറോ, ഇലക്‌ട്രോണിക്ഉപകരണങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പേനമുതല്‍ കത്തിവരെ ഉപയോഗിക്കുന്നു. കാര്‍ഗോ ഹോള്‍ഡ് ഏരിയയില്‍ ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ പരിശോധിക്കേണ്ട എയര്‍ഇന്ത്യാ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍മാര്‍ കണ്ണടച്ചു കൊടുക്കുകയാണ് പതിവ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങളിലെത്തിയ
യാത്രക്കാരുടെ രജിസ്‌ട്രേഡ് ബാഗുകളില്‍ സൂക്ഷിച്ചിരുന്ന പണം, സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു. പരാതിയുമായി വിമാനക്കമ്പനിയെ സമീപിച്ചെങ്കിലും പരാതി അന്വേഷിക്കാനോ പോലീസിനെ അറിയിക്കാനോ അധികൃതര്‍ തയാറായില്ല. ഒടുവില്‍ ഇവര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസിന് പരാതി കൈമാറിയത്. ഈ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ആഴ്ച ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലെത്തിയ യാത്രക്കാരന്റെ സ്വര്‍ണവും പണവും കവര്‍ന്നതായി പരാതിയുണ്ടായിരുന്നു.
വിമാനത്താവള ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 12 പേരില്‍ അഞ്ചു പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ പാസും പിടിച്ചെടുത്തു.എക്‌സ്‌റേ പരിശോധനയില്‍ ബാഗേജിനകത്ത് വിലപ്പെട്ട സാധനങ്ങള്‍ കണ്ടെത്തിയാല്‍ അതിവിദഗ്ധമായി ബാഗിന്റെ സിബ്ബ് നീക്കി ഉള്ളിലെ സാധനങ്ങള്‍ കൈക്കലാക്കും. മാത്രമല്ല വിമാനത്തില്‍ കയറുന്നവരുടെ ഹാന്‍ഡ്ബാഗ് കാര്‍ഗോ ഹോള്‍ഡ് ഏരിയായിലേക്ക് മാറ്റണമെന്ന് തൊഴിലാളികള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തട്ടിപ്പ്.
ഏതാനും ആഴ്ച മുമ്പ് വിദേശത്ത് നിന്നും എത്തിയ യാത്രക്കാരന്റെ 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ ഇത്തരത്തില്‍ തട്ടിയെടുത്തു. എന്നാല്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടായിരുന്നതിനാല്‍ യാത്രക്കാരന് പരാതിപ്പെടാതെ മടങ്ങേണ്ടി വന്നു. കാര്‍ഗോ ഹോള്‍ഡ് ഏരിയായില്‍ പാസുള്ളവര്‍ മാത്രമെ കടക്കാവു. ഇതിനായി തരം തിരിച്ച് പാസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാസുള്ളവരോടൊപ്പം ഇല്ലാത്തവരും സെക്യൂരിറ്റി ഉദ്യാഗസ്ഥരെ സ്വാധീനിച്ചാണ് മോഷണത്തിനായെത്തുന്നത്. ഇവര്‍ വിമാനത്തിനുള്ളില്‍ നിന്ന് ബാഗേജ് നീക്കം ചെയ്ത ശേഷം പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ശാരീരിക പരിശോധന നടത്തണമെന്നാണ് നിയമം. ഇത് പാലിക്കപ്പെടാറേ ഇല്ല. ഇതാണ് മോഷണം തുടരാനുള്ള പ്രധാന കാരണം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല