ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെ ഭീതി പരത്തിയ വ്യാജ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നതു സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വ്യാജസന്ദേശങ്ങളുടെ പിന്നില്‍ പാക്കിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന് കാട്ടുന്ന തെളിവുകള്‍ എത്രയും പെട്ടെന്ന് ഇന്ത്യ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാക്ക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിനെ ഫോണില്‍ വിളിച്ച് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഇന്ത്യയുടെ ആശങ്കയും ഷിന്‍ഡെ അറിയിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ വക്താവ് അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റംസാനുശേഷം ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ഫോണിലൂടെയും ട്വിറ്ററിലൂടെയും യൂടൂബിലൂടെയും പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക, മഹാരാഷ്ട്ര,തമിഴ്‌നാട്,പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു.
കൂട്ടപ്പലായനത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വ്യാജസന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനിലാണെന്ന് കണ്ടെത്താനായത്. സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍ .കെ സിംഗാണ് കഴിഞ്ഞദിവസം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ടായ ഗുരുതരമായ പ്രശ്നം അന്വേഷിക്കാന്‍ പാക്കിസ്ഥാന്റെ പൂര്‍ണസഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല