ബന്ധുവായ ഡോക്ടറുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആഡംബര കാറില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവും സുഹൃത്തും മരിച്ച നിലയില്‍. പരവൂര്‍ കുറുമണ്ടല്‍-ബി കോമള ഭവനില്‍ സജയ്കുമാര്‍ (36), ബന്ധുവും സുഹൃത്തുമായ കുറുമണ്ടല്‍ മണി ഭവനില്‍ പരേതനായ ഷണ്മുഖന് ആചാരിയുടെ മകന് ഗിരീഷ് (30) എന്നിവരാണു മരിച്ചത്.
സജയ്കുമാര്‍ കൊച്ചിയില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അസോഷ്യേറ്റ് ഡയറക്ടറാണ്. ഗിരീഷ് വൈദ്യശാല ജീവനക്കാരനാണ്. സജയ്കുമാര്‍ പിന്‍സീറ്റിലും ഗിരീഷ് മുന്‍സീറ്റിലും ചാരിക്കിടക്കുന്ന നിലയിലായിരുന്നു. ഗിരീഷിന്റെ മൂക്കില്‍ നിന്നു രക്തം ഒഴുകിയിട്ടുണ്ട്. സജയ് കുമാറിന്റേതാണു കാര്‍. രാത്രി എട്ടരയോടെ വീട്ടുടമയായ ഡോക്ടറുടെ മാതാവാണ് ഇവരെ സീറ്റില്‍ ചാരിക്കിടക്കുന്ന നിലയില്‍ കണ്ടത്.
തുടര്‍ന്നു സജയ്കുമാറിന്റെ വീട്ടില്‍ വിവരം അറിയിച്ചു. സജയ്കുമാറിന്റെ പിതാവു കെഎസ്ഇബി റിട്ട. എന്‍ജിനീയര്‍ ചന്ദ്രശേഖരന് എത്തിയ ശേഷം മെക്കാനിക്കിന്റെ സഹായത്തോടെ കാറിന്റെ ചില്ല് ഇളക്കിമാറ്റിയപ്പോഴാണ് ഇവര്‍ മരിച്ചതായി മനസ്സിലായത്. പൊലീസ് പറഞ്ഞത്: സജയ്കുമാറിന്റെ വീട്ടില്‍ കാര്‍ കയറാനുള്ള വഴിയില്ലാത്തതിനാല്‍ ഡോക്ടറുടെ വീട്ടിലാണു വാഹനം ഇടാറുള്ളത്. ഞായറാഴ്ചയാണ് എറണാകുളത്തു നിന്ന് എത്തിയത്. എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനു റിട്ട. പ്രഥമാധ്യാപികയായ മാതാവ് കോമളത്തെ ഇന്നലെ രാവിലെ പത്തോടെ കാറില്‍ ബസ് സ്റ്റോപ് വരെ കൊണ്ടുപോയിരുന്നു.
തിരികെ ഡോക്ടറുടെ വീട്ടില്‍ എത്തിയ സജയ്കുമാര്‍ കാര്‍ കഴുകിയിരുന്നു. ഇതിനിടയില്‍ പിതാവ് ഫോണ്‍ ചെയ്തപ്പോള്‍ കാര്‍ കഴുകുകയാണെന്നു പറഞ്ഞു. പിന്നെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. ഇന്ന് എറണാകുളത്തു പോയി ഭാര്യയും മകനുമായി ഓണാഘോഷത്തിനു മടങ്ങിയെത്താനിരുന്നതാണ്.
മൃതദേഹങ്ങള്‍ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഗിരീഷ് അവിവാഹിതനാണ്. എറണാകുളത്ത് പൊതുമരാമത്തു വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മായയാണു സജയ്കുമാറിന്റെ ഭാര്യ. മകന്: ആദി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല