കണ്ണൂര്‍ ചാല ബൈപാസില്‍ ഓടിക്കൊണ്ടിരുന്ന എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 35 പേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ചിലര്‍ കൊയ്ലി ആശുപത്രിയിലും എകെജി ആശുപത്രിയിലും ചികിത്സയിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. കോഴിക്കോട്ടു നിന്ന് കണ്ണൂരിലേയ്ക്ക് വരികയായിരുന്ന ടാങ്കർ ലോറി ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞതെന്നാണ് സംശയിക്കുന്നത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ ടാങ്കറിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിസരത്തെ അഞ്ചു വീടുകല്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. വാഹനങ്ങള്‍ക്കും കടകള്‍ക്കും തീപിടിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള മൂന്നു ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
കണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞു തീപിടിച്ചു പൊട്ടിത്തെറിച്ച് അമ്പതിലധികം പേര്‍ക്കു പരുക്കേറ്റ സംഭവം വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തും. മുഖ്യമന്ത്രിക്കു പുറമേ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മന്ത്രി കെ.സി. ജോസഫ് എന്നിവരും കണ്ണൂരിലെത്തും. ഉച്ചയോടെ ഇരുവരും സംഭവ സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിക്കും. ബാഗ്ലൂരിലായിരുന്ന മന്ത്രി കെ.സി.ജോസഫ് പരിപാടികള്‍ റദ്ദാക്കി കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല