1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012

ഒരുകാലത്ത് പാര്‍ട്ടിയുടെ സമരനായികയും പ്രമുഖ നേതാവുമായ കെ.ആര്‍.ഗൗരിയമ്മ പാര്‍ട്ടി ആസ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ സ്വാഗതം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ബി.അംഗം കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്ന ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്ന ചലച്ചിത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് കെ.ആര്‍.ഗൗരിയമ്മ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുവന്നത്. വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി.നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. എ.കെ.ജി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.ആര്‍.ഗൗരിയമ്മയായിരുന്നു മുഖ്യാതിഥി. പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. കോടിയേരി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, സി.ദിവാകരന്‍ എന്നിവരും ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
ഒന്നര മണിക്കൂര്‍ നീണ്ട സമ്മേളനം കഴിഞ്ഞു തിരിച്ചിറങ്ങിയപ്പോള്‍ പിണറായി ഗൗരിയമ്മയോടു ചോദിച്ചു: ‘കയറുന്നില്ല… അല്ലേ……’ എകെജി സെന്ററിലെ പാര്‍ട്ടി ഓഫിസിലേക്കു കയറുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. ചോദ്യം കേട്ടു ഗൗരിയമ്മ ഒന്നു നിന്നുവെങ്കിലും ഒന്നും മിണ്ടിയില്ല. പിന്നീട് എന്തോ ഓര്‍മിച്ചപോലെ വീണ്ടും നടന്നു. ഇതിനിടെ ചാനല്‍ ലേഖകര്‍ മൈക്കുമായി ഗൗരിയമ്മയെ വളഞ്ഞു. എകെജി സെന്ററില്‍ വീണ്ടും എത്തിയപ്പോള്‍ എന്തു തോന്നുന്നുവെന്ന ചോദ്യത്തിന്, താന്‍ വന്നത് എകെജി സെന്ററിലല്ല, എകെജി ഹാളിലാണ് എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. എങ്കിലും എന്തു തോന്നുന്നുവെന്നായി മാധ്യമ പ്രവര്‍ത്തകര്‍. ‘എന്തു തോന്നാന്‍…’എന്നു പറഞ്ഞ് അവര്‍ കാറില്‍ക്കയറി യാത്രയായി.അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘വസന്തത്തിന്റെ കനല്‍വഴികള്‍’ എന്ന ചിത്രത്തില്‍ പി. കൃഷ്ണപിള്ളയെ അവതരിപ്പിക്കുന്നതു തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിയാണ്. കേരള ചരിത്രത്തിലെ സമര കാലഘട്ടം ചിത്രീകരിക്കുന്ന ഈ സിനിമയിലെ മുഖ്യ വേഷം ചെയ്യാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നു സമുദ്രക്കനി പറഞ്ഞു. ചടങ്ങ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നാല്‍പതുകളിലെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ ഈ വേദിയിലുണ്ടെന്നു മാത്രമേ പിണറായി പറഞ്ഞുള്ളു.
ഗൗരിയമ്മയ്ക്കു പുറമെ കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ടി. ശരത്ചന്ദ്രപ്രസാദ്, പി.കെ. മേധിനി, സംവിധായകന്‍ കെ. മധു, അനില്‍ വി. നാഗേന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.