എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം കൊച്ചിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. കേരളം സമ്പത്തിക ശക്തിയായി വളരുന്നതിന് ഈ സംഗമം തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കബോട്ടാഷ് നിയമത്തിന് ഇളവ് നല്‍കിയത് വല്ലാര്‍പ്പാടത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് ഐ ഐ ടി അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ കേരളത്തിന് പുതിയ പദ്ധതികളൊന്നും സംഗമത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. ഉദ്ഘാടന പ്രസംഗത്തില്‍ പഴയ പദ്ധതികള്‍ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. കേന്ദ്രപദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറാകണമെന്ന് കേരളത്തിന് പ്രധാനമന്ത്രി ഉപദേശം നല്‍കി. എമേര്‍ജിംഗ് കേരളയിലൂടെ പ്രധാന നിക്ഷേപക സൌഹൃദ സംസ്ഥാനമായി കേരളം മാറും. നിക്ഷേപങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍ ഈ സംഗമത്തിലൂടെ സാധിക്കും – പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് 12.45നാണ് പ്രധാനമന്ത്രി എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിരോധമന്ത്രി എ കെ ആന്‍റണി, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ വി തോമസ് തുടങ്ങിയവര്‍ എമേര്‍ജിംഗ് കേരളയുടെ സാധ്യതകളെക്കുറിച്ച് ചടങ്ങില്‍ വിശദമായി സംസാരിച്ചു.
ഒരിക്കലും അവസാനിക്കാത്ത വിവാദങ്ങള്‍ കേരളത്തിന്‍റെ വികസന താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് എ കെ ആന്‍റണി പറഞ്ഞു. വിവാദങ്ങളും ചര്‍ച്ചകളും എങ്ങുമെത്താതെ തുടര്‍ന്നുപോകുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ല – ആന്‍റണി പറഞ്ഞു.
കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് എമേര്‍ജിംഗ് കേരളയിലൂടെ ലഭിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂട്ടായ ശ്രമത്തിന്‍റെ ഫലമാണ് ഈ മഹാസംഗമമെന്നും അദ്ദേഹം പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല