
മൂന്നുദിവസം നീണ്ട എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമം ഇന്ന് സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10.30 മുതല്‍ നടക്കുന്ന പ്ലീനറി സെഷനില്‍ കേന്ദ്രമന്ത്രി ജി കെ വാസന് പങ്കെടുക്കും. 10.30 മുതല്‍ 12.30 വരെ ‘സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി പങ്കെടുക്കും.
സാമ്പത്തിക സേവനങ്ങള്‍ എന്ന വിഷയത്തിലുള്ള സെഷനില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ സുബിര്‍ ഗോകന്‍, കൊട്ടക് മഹീന്ദ്ര എം ഡി ഉദയ് കൊട്ടക് എന്നിവര്‍ സംസാരിക്കും. ഇന്‍ഫോസിസ് സിഇഒ എസ് ഡി ഷിബുലാല്‍, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് എം എ യൂസഫലി, ഡോ രവി പിള്ള, സി കെ മേനോന്, എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
4.30-ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്, ഇന്‍ഫോസിസ് പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
എമേര്‍ജിംഗ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ 160 പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി അനൗദ്യോഗിക വിവരം. ഒമ്പത് വിദേശ കമ്പനികള്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യവസായികള്‍ തമ്മിലും സംരംഭകരും സര്‍ക്കാരും തമ്മിലും നടന്ന വിവിധ കൂടികാഴ്ച്ചകളിലും ചര്‍ച്ചകളിലുമാണ് പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ഇവയുടെ വിശദാംശങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.
പദ്ധതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എമേര്‍ജിംഗ് കേരളയുടെ സമാപന സമ്മേളന വേളയില്‍ വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എമേര്‍ജിംഗ് കേരളയോടനുബന്ധിച്ച് എല്ലാ ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യ ദിവസം വാര്‍ത്താസമ്മേളനം നടന്നില്ല. രണ്ടാം ദിവസം വാര്‍ത്താസമ്മേളനം നടന്നെങ്കിലും എമേര്‍ജിംഗ് കേരളയെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
സംരംഭകര്‍ തമ്മില്‍ 149 കൂടിക്കാഴ്ച്ചകളാണ് ഇതുവരെ നടന്നത്. സംരംഭകരും സര്‍ക്കാരും തമ്മില്‍ 85 കൂടിക്കാഴ്ച്ചകളാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ 63 കൂടിക്കാഴ്ച്ചകള്‍ നടന്നു. ഐടി, ടൂറിസം അടിസ്ഥാന സൗകര്യം, കൃഷി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് സംരംഭകര്‍ സര്‍ക്കാരുമായി കൂടിക്കാഴ്ച്ച നടന്നത്.
20ലേറെ കമ്പനികള്‍ കൊച്ചി മെട്രോ പദ്ധതിയില്‍ കാല്പ്പര്യം പ്രകടിപ്പിച്ചു. ജപ്പാനില്‍ നിന്നുമുള്ള കമ്പനികളാണ് ഇവയില്‍ ഏറേയും. എയര്‍ കേരള പദ്ധതിയില്‍ വിവിധ പ്രവാസി സംരഭകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഇന്ന് എയര്‍ കേരള ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല