ധാരണാപത്രം ഒപ്പിട്ട ഭാരത് പെട്രോളിയത്തിന്റെ 20,000 കോടിയുടെ പദ്ധതികളും ജര്‍മന്‍ കാര്‍ നിര്‍മാണക്കമ്പനിയായ ഫോക്സ്വാഗണ് മുന്നോട്ടുവെച്ച 2000 കോടിയുടെ എന്ജിന് അസംബ്ലിങ് യൂണിറ്റും ഇതില്‍ പെടും. 10 വിദേശ രാജ്യങ്ങളും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ വിശദ ചര്‍ച്ചകള്‍ക്കുശേഷം ഏതൊക്കെ പദ്ധതികള്‍ വേണമെന്ന് തീരുമാനിക്കും. ഇതില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഈ വര്‍ഷം കേരളം വികസനക്കുതിപ്പിലേക്ക് നീങ്ങും.
അതേസമയം ഒട്ടേറെ ആശങ്കകളും അനിശ്ചിതത്വവും ബാക്കിയാക്കിയാക്കിയാണ് എമെര്‍ജിംഗ് കേരള 2012 നിക്ഷേപ സംഗമം കൊടിയിറങ്ങുന്നത്. പൊതു, സ്വകാര്യ, സംയുക്ത മേഖലകളില്‍ 210 ല്‍പ്പരം പദ്ധതികളാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതിന് പുറമെ സ്വകാര്യ സംരംഭകരും കോര്‍പ്പറേറ്റുകളും മുന്നോട്ടുവെച്ച പദ്ധതികള്‍ വേറെയും. പതിനൊന്ന് വന്‍കിട പദ്ധതികള്‍ കെഎസ്ഐഡിസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മേളയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിപാലക്കാട് വ്യാവസായിക ഇടനാഴി, അതിവേഗ റെയില്‍ പാത, കൊച്ചിയിലെ ഓഷ്യനേറിയം, കൊച്ചിക്ക് സമീപം ആമ്പല്ലൂരിലെ ഇലക്ട്രോണിക്സ് ഹബ് ഇവയെല്ലാമാണ് പ്രധാന പദ്ധതികള്‍.
വന്‍കിട പദ്ധതികള്‍ക്ക് പുറമെ നിരവധി ചെറുകിട, ഇടത്തരം നിക്ഷേപ സംരംഭങ്ങളും സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഏറെയും ടൂറിസവും ഐടിയുമായി ബന്ധപ്പെട്ടവയാണ്. ചെറുകിടനിര്മ്മാണസേവന പദ്ധതികളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവക്ക് പുറമെ നിക്ഷേപകര്‍ സ്വയം കണ്ടെത്തി തയ്യാറാക്കി അവതരിപ്പിച്ച സംരംഭങ്ങളും എമേര്‍ജിംഗ് കേരളയില്‍ അനുമതിക്കായി പരിഗണനക്കുവന്നവയില് ഉള്‍പ്പെടുന്നു. നിക്ഷേപക സംഗമത്തില്‍ മുന്‍പോട്ടു വെച്ചിരിക്കുന്ന ഭൂരിഭാഗം പദ്ധതികള്‍ക്കും ഭൂമിയും മറ്റ് അനുബന്ധ സൗകര്യങ്ങളും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനവും നടപ്പില്‍ വരുത്തേണ്ടതുണ്ട്. വിവിധ പദ്ധതികള്‍ക്ക് പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കും മറ്റും ഇടവരുത്താത്ത വിധത്തില്‍ ഭൂമി കണ്ടെത്തുക എന്നതായിരിക്കും ആദ്യ കടമ്പ. ടൂറിസം, ഐടി, അതിവേഗ റെയില്‍, വ്യാവസായിക ഇടനാഴി തുടങ്ങി 60 ല്‍ പരം നിക്ഷേപ പദ്ധതികള്‍ക്ക് 6000 ഏക്കറിലധികം ഭൂമി ഏറ്റെടുക്കേണ്ടതായോ കണ്ടെത്തേണ്ടതായോവരും എന്നാണ് കണക്കുകൂട്ടുന്നത്.
രണ്ടുലക്ഷം കോടിയുടെ നിക്ഷേപം എമേര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്. സംഗമം നടക്കുന്ന ഘട്ടത്തില്‍ അത്് നേര് പകുതി ഒരു ലക്ഷം കോടി എന്നാക്കി തിരുത്തി. നിക്ഷേപം കഴിയുമ്പോള്‍ 40,000 ആയി തുക കുറഞ്ഞു. ഇനി ഇതില്‍ എത്രമാത്രം കുറവുവരുമെന്ന് കാത്തിരുന്നു കാണേണ്ടകാര്യം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല