സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന എയര്‍ കേരള വിമാനക്കമ്പനിയോട് പ്രവാസികള്‍ക്ക് ആവേശകരമായ പ്രതികരണം. നിക്ഷേപകരെ കണ്ടെത്താന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി പ്രവാസി സംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പദ്ധതിയുടെ ചെലവിനായി 250 കോടിരൂപ പൊതുജനങ്ങളില്‍നിന്ന് സ്വരൂപിക്കും. ഇതില്‍ 200 കോടിരൂപയും പ്രവാസികളില്‍നിന്ന് സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹായം നല്‍കാമെന്ന് ജി.സി.സി രാജ്യങ്ങളിലെ പ്രധാന പ്രവാസി സംഘടനകളെല്ലാം സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എയര്‍ കേരളയില്‍ 75 ശതമാനം ഓഹരികള്‍ പൊതുജനത്തിനും 26 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിനുമാകാമെന്നാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. പുതിയ ഡ്രീംലൈനര്‍ ഇനത്തില്‍പ്പെട്ട ബോയിങ് വിമാനങ്ങള്‍ വാങ്ങാമെന്നാണ് ധാരണയായിരിക്കുന്നത്. മറ്റ് സര്‍വീസുകളേക്കാള്‍ 40 ശതമാനം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഗള്‍ഫ് മേഖലയിലേക്കും പിന്നീട് കമ്പനി വളരുന്നതിനനുസരിച്ച് കൂടുതല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നയരൂപവത്കരണകമ്മിറ്റിയുടെ തീരുമാനം.
ഇതോടൊപ്പം അഞ്ചുവര്‍ഷമായി ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ഏതാനും സീറ്റുകള്‍ ഒഴിച്ചിടും. മറ്റു വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയില്‍നിന്ന് മലയാളി പ്രവാസികളെ രക്ഷിക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. വിമാനത്തില്‍ മലയാളമറിയാവുന്ന ജീവനക്കാരെ നിയമിക്കും. കേരളീയ രീതിയിലുള്ള ഭക്ഷണവും ഏര്‍പ്പെടുത്തും.
വിമാനക്കമ്പനിക്ക് മുന്നിലെ പ്രധാന തടസ്സം വ്യോമയാന നിയമത്തിലെ വ്യവസ്ഥകളാണ്. 2000ത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച തുറന്ന ആകാശ നയപ്രകാരം 20 വിമാനങ്ങളും അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവുമുള്ള വിമാനക്കമ്പനികള്‍ക്കേ അന്താരാഷ്ട്ര സര്‍വീസിന് അനുമതി ലഭിക്കൂ. ഒരു സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന സര്‍വീസ് എന്ന നിലയ്ക്ക് ഈ നിയമത്തില്‍ എയര്‍കേരളയ്ക്ക് ഇളവ് ആവശ്യപ്പെടാവുന്നതാണ്. സംസ്ഥാനസര്‍ക്കാര്‍ സമ്മര്‍ദംചെലുത്തുന്നപക്ഷം ഈ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം തയ്യാറാവും. അന്താരാഷ്ട്ര വിമാന സര്‍വീസില്‍ പ്രായോഗിക അറിവുള്ളവരെ കമ്പനിയില്‍ നിയമിച്ച് ഈ വിടവ് പരിഹരിക്കാനുമാവും. കോഴിക്കോട് വിമാനത്താവളത്തിനാണ് സര്‍വീസില്‍ പ്രഥമ പരിഗണന എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല