കേരളത്തിലെ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിന് ന്യായീകരണവുമായി കേന്ദ്ര വ്യോമയാനമന്ത്രിയും എയര്‍ഇന്ത്യ അധികൃതരും രംഗത്തെത്തി. ഹജ്ജ് സര്‍വ്വീസിനായി പുറത്തുനിന്ന് ഏര്‍പ്പാട് ചെയ്ത വിമാനങ്ങള്‍ ലഭിക്കാതെ വന്നതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ചില സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു. കേരളത്തില്‍ നിന്ന് റദ്ദാക്കിയ വിമാനസര്‍വ്വീസുകള്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയെന്ന ആരോപണം അജിത് സിങ്ങ് നിഷേധിച്ചു. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച് കത്ത് ലഭിച്ചാല്‍ അതിന് മറുപടി നല്‍കും. ഇനിമുതല്‍ കേരളത്തില്‍നിന്നുള്ള ഒറ്റ സര്‍വ്വീസുകളും റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് പുറമെ ഗ്രീക്ക് വിമാനക്കന്പനിയായ ഹെലനിക് ഇംപീരിയല്‍ എയര്‍വേസുമായി എയര്‍ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഹെലനിക് എയര്‍വേസിന് സൗദി അറേബ്യ ലാന്‍ഡിംഗ് അനുമതി നല്‍കിയില്ല. ഇന്ത്യയിലോ സൗദിഅറേബ്യയിലോ ആഭ്യന്തരസര്‍വ്വീസ് നടത്തുന്ന കന്പനികള്‍ക്ക് മാത്രമെ സൗദി ലാന്‍ഡിംഗ് അനുമതി നല്‍കൂ എന്ന കരാര്‍ നിലനില്‍ക്കുന്നതിനാലാണിത്. ഇതേത്തുടര്‍ന്നുള്ള പ്രതിസന്ധി മൂലമാണ് കേരളത്തിലെ ചില സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് എയര്‍ഇന്ത്യ സിഎംഡി രോഹിത് നന്ദന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു വിമാനസര്‍വ്വീസും ഇനി റദ്ദാക്കില്ലെന്ന് രോഹിത് നന്ദന്‍ വ്യക്തമാക്കി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല