1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2015

സ്വന്തം ലേഖകന്‍: അമേരിക്കക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് സന്നദ്ധ സംഘടനയെ പാകിസ്ഥാന്‍ പുറത്താക്കി. മൂന്നര പതിറ്റാണ്ടായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവ് ദ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ ഓഫിസാണ് സിഐഎയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പൂട്ടി മുദ്രവച്ചത്. സംഘടനാ പ്രവര്‍ത്തകര്‍ക്ക് രാജ്യം വിടാന്‍ 15 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്.

അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ഒളിത്താവളം കണ്ടെത്താനായി സിഐഎ നിയോഗിച്ചതായി കരുതുന്ന ഡോ. ഷക്കീല്‍ അഫ്രീദിയുമായി സേവ് ദ് ചില്‍ഡ്രനു ബന്ധമുണ്ടെന്ന ആരോപണങ്ങളാണ് സംഘടനയുടെ നിലനില്‍പ്പ് അപകടത്തിലാക്കിയത്. 2011 ല്‍ സിഐഎ ബന്ധം ആരോപിക്കപ്പെട്ടതിനു പിന്നാലെ സംഘടനയുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ ജോലി ചെയ്തിരുന്ന വിദേശ ജീവനക്കാരെയെല്ലാം സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ആയിരത്തോളം സ്വദേശി ജീവനക്കാരുമായി പ്രവര്‍ത്തനം തുടരുകയായിരുന്നു സേവ് ദ് ചില്‍ഡ്രന്‍.

പാക്കിസ്ഥാനിലെ അബോട്ടബാദില്‍ പോളിയോ കുത്തിവപ്പു പ്രചാരണത്തിന്റെ മറവില്‍ ഡോ. അഫ്രീദി സിഐഎക്കു വേണ്ടി ഉസാമയുടെ താവളം കണ്ടെത്താന്‍ ശ്രമിച്ചെന്ന് യുഎസ് പത്രപ്രവര്‍ത്തകന്‍ സെയ്മര്‍ ഹെര്‍ഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാദ ഡോക്ടറുമായോ സിഐഎയുമായോ തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നാണ് സംഘടനയുടെ നിലപാട്.

ഇതേസമയം, സംഘടന പാക്ക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നു പൊലീസ് പറയുന്നു. സംഘടനയുടെ ഫോണ്‍ ബന്ധങ്ങളും ഓഫിസുകളും നിരീക്ഷണത്തിലായിരുന്നെന്നും പ്രവര്‍ത്തനങ്ങള്‍ സംശയമുണര്‍ത്തുന്നതാണെന്നുമാണ് പൊലീസ് വാദം. പാക്കിസ്ഥാനില്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു സേവ് ദ് ചില്‍ഡ്രന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.