1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധിക്കാനായി മേയ് 3 വരെ സമ്പൂർണ ലോക്ഡൗൺ നീട്ടിയത് ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നു ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബർക്ലിസ്. ഈ സാമ്പത്തിക പ്രയാസം ആഭ്യന്തര മൊത്ത ഉത്പാദന (ജിഡിപി) സൂചികയിലും പ്രതിഫലിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ നീട്ടിയെന്നു ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ബർക്ലിസിന്റെ വിലയിരുത്തൽ.

“ലോക്ഡൗൺ നീട്ടലിലൂടെ 234.4 ബില്യൻ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടാവുക. 2020 കലണ്ടർ വർഷത്തിൽ സാമ്പത്തിക വളർച്ച പൂജ്യമായിരിക്കും. സാമ്പത്തിക വർഷം കണക്കാക്കുമ്പോൾ 2021ൽ 0.8 ശതമാനമായിരിക്കും വളർച്ച,” ബർക്ലിസ് ചൂണ്ടിക്കാട്ടി. ആദ്യം മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയ്ക്ക് 120 ബില്യൻ ഡോളർ അല്ലെങ്കിൽ ജിഡിപിയുടെ 4 ശതമാനമോ നഷ്ടമുണ്ടാകും എന്നായിരുന്നു ബർക്ലിസിന്റെ പ്രവചനം.

അതേസമയം, ലോക്ഡൗൺ നീട്ടി കോവിഡ് പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. കോവിഡിനെതിരായ ഇതുവരെയുള്ള യുദ്ധം വിജയകരമാണെന്നും പ്രശ്നം സങ്കീർണമാകാൻ രാജ്യം കാത്തുനിന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണ്. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി കോവിഡിനെതിരായ പോരാട്ടം നയിക്കുന്നവരെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞു.

അതേസമയം ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞതാണ് പ്രതിസന്ധിയിലും ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു കാര്യം. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പണപ്പെരുപ്പം 5.91 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഫെബ്രുവരിയില്‍ 6.58 ശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ കാരണം. മാര്‍ച്ചില്‍ ഭക്ഷ്യവിലക്കയറ്റം 10.81 ശതമാനത്തില്‍ നിന്നും 8.76 ശതമാനമായി നിജപ്പെട്ടു. ഇതേസമയം, ചില്ലറ പണപ്പെരുപ്പം നാലു ശതമാനത്തിന് മുകളില്‍ ഇപ്പോഴും തുടരുന്നത് വിപണിയില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.

ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ധനകാര്യ നയം രൂപീകരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്നത്. നാലു ശതമാനത്തില്‍ത്താഴെ പണപ്പെരുപ്പ നിരക്ക് കൊണ്ടുവരാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമവും. നേരത്തെ, 2018 ജൂലായ് മുതല്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെയായിരുന്നു. രാജ്യം സമ്പൂര്‍ണ അടച്ചിടലില്‍ തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 19 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് പണപ്പെരുപ്പ നിരക്ക് കണ്ടെത്താന്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ശേഖരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.