1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്കാണ് ഇന്ന് അസുഖം ഭേദമായത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. .ഇനി ചികിത്സയിലുള്ളത് 173 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 211 ആയി.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേർ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തർ വീതവുമാണ് രോഗമുക്തരായത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അഞ്ച് ദിവസത്തിൽ രോഗം ബാധിച്ചത് മുപ്പത് പേർക്ക് മാത്രമാണ്. രോഗമുക്തരായത് 114 പേരും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷത്തിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് കുറഞ്ഞതും സംസ്ഥാനത്തിന് ആശ്വാസമേകുന്നു.

ലോക്ക് ഡൗൺ ഇളവുകളെ കുറിച്ച് സംസ്ഥാന തീരുമാനം മറ്റന്നാൾ മാത്രമേ ഉണ്ടാകൂ എന്നുറപ്പായി. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം നാളെയേ ഇറങ്ങൂ എന്നതിനാൽ മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കിൽ രോഗ വ്യാപനത്തോത് കുറഞ്ഞ കേരളത്തിൽ 20-ന് ചില മേഖലകളിൽ ഇളവുകൾ കൊണ്ടുവരാം. എന്നാൽ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താൽ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്‍റെയും വിലയിരുത്തൽ.

അടച്ചിടൽ നീളുമ്പോൾ കേരളത്തിന്‍റെ ഏറ്റവും വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയി തന്നെയാണ്. പ്രധാന വരുമാന സ്രോതസ്സുകളായ ലോട്ടറിയും മദ്യവിൽപനയും നിലച്ചതാണ് പ്രധാന പ്രശ്നം. ഒപ്പം കാർഷിക നിർമ്മാണ മേഖലയിലെ തകർച്ചയും വലിയ തിരിച്ചടിയായിട്ടുണ്ട്.

മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടർ താളം തെറ്റുമെന്നും ഉറപ്പായി. എസ്എസ്എൽസി അടക്കമുള്ള പരീക്ഷകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ മാസം 16 മുതൽ അടുത്ത മാസം 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

നിലവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലയളവിന് ശേഷം സർവകലാശാലാ പരീക്ഷകൾ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ. മെയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകൾ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്.

അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിസിമാരുടെ യോഗത്തിൽ എടുക്കുമെന്നും മന്ത്രി ‘കര കയറാൻ’ എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേകപരിപാടിയിൽ പറഞ്ഞു. മെയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗൺ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ മാത്രമേ ഈ തീരുമാനം മാറൂ എന്നും മന്ത്രി വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.