1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് കഴിഞ്ഞ ഒരു മാസമായി ട്രം‌പും മോദിയുമടക്കമുള്ള ലോക നേതാക്കളെല്ലാം. എന്നാല്‍ നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടിഗയെ മാത്രം കാണാനില്ല. കഴിഞ്ഞ 40 ദിവസത്തിലേറെയായി ഒര്‍ട്ടിഗ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 21ന് പങ്കെടുത്ത ഒരു സൈനിക പരിപാടിയാണ് 74 കാരനായ നേതാവ് ഒടുവിൽ പങ്കെടുത്ത പൊതുപരിപാടി. പിന്നീട് മാര്‍ച്ച് 12 ന് മധ്യ അമേരിക്കയിലെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത പകര്‍ച്ചവ്യാധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ കോണ്‍ഫറന്‍സിലും പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല.

ഒര്‍ട്ടിഗയുടെ അഭാവത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഞങ്ങളുടെ കമാന്‍ഡര്‍ ഡാനിയേല്‍ ഇവിടെത്തന്നെയുണ്ട്. ഞങ്ങള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളും അദ്ദേഹം ഏകോപിപ്പിക്കുന്നു. അത് തുടരുക തന്നെ ചെയ്യും.- വൈസ് പ്രസിഡന്റും ഒര്‍ട്ടെഗയുടെ ഭാര്യയുമായ റൊസാരിയോ മുറിലോ ഈ മാസം ആദ്യം പറഞ്ഞു.

നിക്കരാഗ്വയില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരണമടയുകയും ചെയ്തു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 12 പേര്‍ നിരീക്ഷണത്തിലാണ്. എല്ലാ കേസുകളും വിദേശത്ത് നിന്ന് എത്തിയവരാണെന്നും രാജ്യത്ത് കൊറോണ വ്യപിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇതിനിടയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ നിക്കരാഗ്വ കാര്യമായി ഒന്നും ചെയ്തിട്ടില്ല. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുകയോ, സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുകയോ ചെയ്തിട്ടില്ല. ജനങ്ങളില്‍ ചിലര്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും രാജ്യം നല്‍കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.