1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India’s Greatest Challenge in Recent Times) എന്ന പേരിൽ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഏൽപ്പിക്കാനിടയുള്ള വെല്ലുവിളികളെ കുറിച്ച് രഘുറാം എഴുതിയിരിക്കുന്നത്.

2008-2009 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാൽ നമ്മുടെ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സർക്കാർ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ന് അങ്ങനെയല്ല സ്ഥിതി.

വൈറസുമായുള്ള പോരാട്ടത്തിൽ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കിൽ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് നാം ഇപ്പോൾ പദ്ധതികൾ ആസൂത്രണം ചെയ്യണം. കൂടുതൽ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കഠിനമായിരിക്കും. അതിനാൽ ആവശ്യമായ മുൻകരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളിൽ എങ്ങനെ പ്രവർത്തനങ്ങൾ നടത്താം എന്നതിനെ കുറിച്ച് നാം ചിന്തിക്കണം.

പാവപ്പെട്ടവർക്കും തൊഴിലില്ലാത്തവർക്കും അടിയന്തിരശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നിരവധി ആളുകൾ ചൂണ്ടിക്കാണിച്ചതുപോലെ, നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം എന്നാൽ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു – കുടിയേറ്റ തൊഴിലാളികളുടെ പാലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്പോൾ ലോക്ക്ഡൗണിനെ ലംഘിച്ച് അവർ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരിക.’രഘുറാം പറയുന്നു.

പ്രതിസന്ധികളുണ്ടാകുമ്പോൾ മാത്രമാണ് ഇന്ത്യ നവീകരിക്കപ്പെടാറുള്ളത്. ഒരു സമൂഹമെന്ന നിലയിൽ നാം എത്രത്തോളം ദുർബലരായിത്തീർന്നുവെന്ന് കാണാൻ ദുരന്തം സഹായിക്കുമെന്ന വാചകത്തോടെയാണ് രഘുറാം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക, ആരോഗ്യ പുനരുത്ഥാനത്തിലേക്ക് ഇത് രാഷ്ട്രീയ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.