1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2020

സ്വന്തം ലേഖകൻ: കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് തീരുമാനം.

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്‍ദേശം.

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്, എന്നാല്‍ അതിനൊപ്പം രോഗവ്യാപനം തടയേണ്ടതും ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്ന് പിന്നാക്കം പോയിരുന്നു. പുറത്തുനിന്ന് വരുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാടിലേയ്ക്ക് നീങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.