1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2018

സ്വന്തം ലേഖകന്‍: കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി. ഇക്കുറിയും കവിത ചൊല്ലിയും കഥപറഞ്ഞും വിരസമാക്കാതെ തന്നെയായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരുടെ നോവലും കവിതയും നാടകവുമൊക്കെ അങ്ങനെ ബജറ്റ് പ്രസംഗത്തിലും ഇടംപിടിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഭൂനികുതി പുനസ്ഥാപിക്കുന്നതിലൂടെ 100 കോടിരൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഈ തുക കര്‍ഷക ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിക്കും. ഭൂമിയുടെ നിലവിലെ ന്യായവിലയില്‍ പത്ത് ശതമാനം വര്‍ധനയാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ന്യായവിലയും വിപണി വിലയും തമ്മിലുള്ള നിലവിലെ അന്തരം കുറയ്ക്കുന്നതിനാണ് ഇതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഭൂവില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. 2010 ന് മുന്‍പ് വരെ ഇത്തരത്തിലുള്ള പത്ത് ലക്ഷത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുദ്രവില 5,000 വരെ ഉള്ളവര്‍ക്ക് സമ്പൂര്‍ണ ഇളവ് നല്‍കും. ബാക്കിയുള്ളവയ്ക്ക് മുദ്രവിലയുടെ 30 ശതമാനം അടച്ചാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കും. ഇതിലൂടെ 300 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഫ്‌ലാറ്റ് ഒഴികെയുള്ള കെട്ടടങ്ങള്‍ക്ക് ആദായനികുതി നിയമപ്രകാരം വില നിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. നികുതി അടയ്ക്കാതെ സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടനികുതി ഈടാക്കാവുന്ന വിധത്തില്‍ മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. ബജറ്റില്‍ പറയുന്നു.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിനു 2000 കോടിയുടെ പാക്കേജ്, സ്ത്രീശക്തീകരണത്തിനും സുരക്ഷയ്ക്കും പല പദ്ധതികള്‍, ഭവനനിര്‍മാണത്തിനും സാമൂഹ്യസുരക്ഷയ്ക്കും ആരോഗ്യസുരക്ഷയ്ക്കും മുന്‍തൂക്കം. ഇവയ്‌ക്കെല്ലാം വരുമാനം കണ്ടെത്താന്‍ 970 കോടി രൂപയുടെ അധികവിഭവ സമാഹരണം എന്നിവയും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം വരുമാനത്തില്‍ വലിയ കുറവുണ്ടായതിനാല്‍ ചെലവുകള്‍ വെട്ടിക്കുറച്ചു.

അടുത്ത വര്‍ഷം കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികള്‍ ഉണ്ടാകുമെന്നും നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു വില വര്‍ധിക്കുംവിധം നികുതിഘടന മാറ്റി. വിദേശ നിര്‍മിത വിദേശ മദ്യ വില്പന ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങുമെന്നും ധനമന്ത്രിഅറിയിച്ചു. ജിഎസ്ടി, പെട്രോളിന്മേലുള്ള വില്‍പന നികുതിയും റജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും എന്നിവ മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തില്‍ കേരളം കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നു ധനമന്ത്രി പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.