1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബൂസ്റ്റര്‍ വാക്സിനേഷന്‍ കാമ്പയില്‍ ഊര്‍ജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അസ്സനദ് അറിയിച്ചു. 18 വയസ് പൂര്‍ത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവരുമായ ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തി അധിക ഡോസ് സ്വീകരിക്കാം.

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കൂടുതല്‍ പേരില്‍ എത്രയും വേഗം ഇത് എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് വാക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുവദിച്ച കേന്ദ്രത്തിലും സമയത്തും മാത്രമേ ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നുള്ളൂ.

നടപടിക്രമങ്ങള്‍ ആളുകളില്‍ അധിക ഡോസ് എടുക്കാന്‍ വിമുഖത ഉണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന തീരുമാനം ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയ ശേഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയാവുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

മഹാമാരിയെ അമര്‍ച്ച ചെയ്യുന്നതിനും വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുമായാണ് ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ നടത്തുന്നതെന്ന് ഡോ. അബ്ദുള്ള അല്‍ സനദ് പറഞ്ഞു. കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കൂടുതല്‍ ശക്തമാക്കുന്നതിനും വൈറസ് വകഭേദങ്ങള്‍ മാരകമാകാതിരിക്കാനും ബൂസ്റ്റര്‍ വാക്സിന്‍ സഹായിക്കും.

നേരത്തേ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തില്‍ ആറു മാസത്തിനു ശേഷം അവരില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. അതേസമയം, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസം ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി നല്‍കുമെന്നും അതിനു മുമ്പ് തന്നെ അവര്‍ക്ക് മൂന്നാം ഡോസ് എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മിഷ്‌റിഫിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ഹാളാണ് വാക്‌സിനേഷന്റെ പ്രധാന കേന്ദ്രം. ഇവിടത്തെ അഞ്ച്, ആറ് നമ്പര്‍ ഹാളുകളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയും വാസ്‌കിന്‍ വിതരണം ചെയ്യും.

വെള്ളിയാഴ്ച വാക്‌സിനേഷന്‍ കേന്ദ്രത്തിന് അവധിയാണ്. നിലവില്‍ അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതലുള്ളവര്‍ക്ക് കുവൈത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്സിന്‍ മാത്രമാണ് നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് രാജ്യത്ത് അംഗീകരിച്ച ഏത് വാക്‌സിനും എടുക്കാം. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസും മറ്റുള്ളവയുടെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.