1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2020

സ്വന്തം ലേഖകൻ: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി (എഫ്.എ.ടി.എഫ്)ന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയില്‍ പെടാതിരിക്കാനുമായി കൂടുതല്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍. ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂജ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള 88 ഭീകരവാദികള്‍ക്കും സംഘടനകള്‍ക്കുമെതിരെ സാമ്പത്തിക ഉപരോധങ്ങളാണ് പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

2018ലാണ് പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നായിരുന്നു അത്. 2019 കഴിയുന്നതിന് മുമ്പ് ശക്തമായ നടപടി സ്വീകരിച്ചിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സമയം നീട്ടി നല്‍കുകയും ചെയ്തു.

ഓഗസ്റ്റ് 18 നാണ് ഇപ്പോഴത്തെ ഉപരോധം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. യുഎന്‍ രക്ഷാസമിതിയുടെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ പാക് സര്‍ക്കാര്‍ നടപടി സ്വീകരിച്ച സംഘടനകളും നേതാക്കളും.

ജമാഅത് ഉദ് ദവ, ജെയ്‌ഷെ മുഹമ്മദ്, താലിബാന്‍, ദായേഷ്, ഹഖാനി ഗ്രൂപ്പ്, അല്‍ ഖ്വായിദ തുടങ്ങിയ സംഘടനകള്‍ക്കെതിരെയാണ് ഇപ്പോള്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ സംഘടനകളുടെയും നേതാക്കളുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും എല്ലാ ആസ്തികളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

മുല്ല ഫസലുള്ള, സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി, മുഹമ്മദ് യാഹ്യ മുജാഹിദ്, അബ്ദുള്‍ ഹക്കീം മുറാദ്, നൂര്‍ വാലി മെഹ്‌സൂദ്, ഫസല്‍ റഹീം ഷാ, താലിബാന്‍ നേതാക്കളായ ജലാലുദീന്‍ ഹഖാനി, ഖാലില്‍ അഹമ്മദ് ഹഖാനി, യാഹ്യാ ഹഖാനി, ഇബ്രാഹിം എന്നിവരാണ് പാക് ഉപരോധം നേരിടുന്ന മറ്റ് പ്രമുഖര്‍.

എന്നാൽ ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരിക്കുന്നത്. പാകിസ്താനില്‍ ദാവൂദ് ഇബ്രാഹീം ഉണ്ടെന്ന് തരത്തില്‍ പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.