1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2015

സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ വെടിവപ്പ് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ വെടിവെച്ചിട്ട പൈലറ്റില്ലാ വിമാനം ഇന്ത്യയുടേതാണെന്ന് ആരോപണവും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നിഷേധിച്ചു. ചൈനീസ് മാതൃകയിലുള്ളതാണ് പൈലറ്റില്ലാ വിമാനമെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ജയശങ്കര്‍ പറഞ്ഞു.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ,വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി. ഇന്ത്യ സമാധാനത്തിന് പ്രാമുഖ്യം നല്‍കുന്നുവെങ്കിലും രാജ്യസുരക്ഷയ്ക്ക് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും എസ്.ജയശങ്കര്‍ പറഞ്ഞു.

ജമ്മുവിലെ അഖ്‌നോര്‍ മേഖലയില്‍ പാക് സൈന്യം ബുധനാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് 42 കാരിയായ പോലിദേവി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച നടപടിയില്‍ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ ചാര പ്രവര്‍ത്തനത്തിനായി ഇന്ത്യ അയച്ച ആളില്ലാ വിമാനം വെടിവെച്ചിട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗം ഡല്‍ഹിയില്‍ നടന്നു.

യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രകോപനമില്ലാതെയുള്ള വെടിവെപ്പുകള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ മുന്നറിയിപ്പു നല്‍കിയത്. സമാധാനത്തിനാണ് ഇന്ത്യ പ്രാമുഖ്യം നല്‍കുന്നതെങ്കിലും രാജ്യരക്ഷയെ കുറച്ചു കാണില്ലെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ശക്തമായ മറുപടിയുണ്ടാവുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യയാണ് ആദ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് പാകിസ്താന്‍ സംഭവവികാസങ്ങളെത്തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.