1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2020

സ്വന്തം ലേഖകൻ: ഇറാനിൽ തകർന്ന് വീണ ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് വെടിവച്ചിട്ടതെന്ന് ഇറാന് ഉടൻ തന്നെ വിവരം കിട്ടിയിരുന്നുവെന്നതിന് തെളിവ് പുറത്ത്. മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് പരിഭ്രാന്തിയോടെ എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശം യുക്രൈൻ സർക്കാരും മാധ്യമങ്ങളും പുറത്തുവിട്ടു.

വിമാനം വെടിവച്ചത് ഇറാനിയൻ സൈന്യമായ റെവല്യൂഷണറി ഗാർഡ്സ് ആണെന്ന് ആദ്യം ഇറാൻ നിഷേധിച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാണ് ഇത് ഇറാൻ സ്വന്തം കയ്യിൽ നിന്ന് പറ്റിയ തെറ്റാണെന്ന് തുറന്ന് സമ്മതിച്ചത്. ജനുവരി 8-ാം തീയതിയാണ് യുക്രൈനിന്‍റെ ബോയിംഗ് 737 വിമാനം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ നിമിഷങ്ങൾക്കകം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

മരിച്ച 176 പേരിൽ ഭൂരിപക്ഷവും ഇറാനിയൻ പൗരൻമാർ തന്നെയായിരുന്നു എന്നത് ജനരോഷം ഇരട്ടിയാക്കുമെന്ന് ഭരണകൂടം ഭയന്നു. അപ്പോഴും യുക്രൈനും കാനഡയും യുകെയുമടക്കമുള്ള വിദേശരാജ്യങ്ങൾ സ്വന്തം പൗരൻമാർ കൊല്ലപ്പെട്ടതിന് ഇറാൻ വിശദീകരണം നൽകിയേ തീരൂ എന്നും അന്വേഷണം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരുന്നു.

ആദ്യം സാങ്കേതികത്തകരാർ മൂലമാണ് വിമാനം തകർന്നതെന്ന് പറഞ്ഞുകൊണ്ടിരുന്ന ഇറാൻ അന്വേഷണത്തിനായി വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കൈമാറാനാകില്ലെന്ന് പറഞ്ഞു. ഇതോടെ സമ്മർദ്ദം ഇരട്ടിയായി. ഒടുവിൽ നിവൃത്തിയില്ലാതെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി നേരിട്ട് സമ്മതിച്ചു, യുക്രൈനിയൻ വിമാനം വെടിവച്ചിട്ടത് സ്വന്തം സൈന്യമാണ്, അതൊരു പിഴവായിരുന്നു എന്ന്.

യുക്രൈനിയൻ വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന ഫോക്കർ 100 ജെറ്റ് വിമാനത്തിലെ ഇറാനിയൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശമാണ് യുക്രൈനിയൻ ചാനലായ 1+1 ടിവി ചാനൽ പുറത്തുവിട്ടത്. ഇറാന്‍റെ അസിമാൻ എയർലൈൻസിന്‍റെ ജെറ്റ് വിമാനമായിരുന്നു ഇത്. ഷിറാസ് നഗരത്തിൽ നിന്ന് ടെഹ്റാനിലേക്ക് വരികയായിരുന്നു.

പാഴ്സി ഭാഷയിൽ കൺട്രോളറോട് പരിഭ്രാന്തിയോടെ ഈ പൈലറ്റ് പറയുന്നു: ‘നിറയെ വെളിച്ചം, ഒരു നിര പോലെ വെളിച്ചം. അതെ, അതൊരു മിസൈലാണ്. എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? എന്താണിത്?’

കൺട്രോളർ തിരികെ: ‘ഇല്ല, എത്ര മൈൽ അകലെയാണിത്? എവിടെയാണ്?’

തിരികെ പൈലറ്റ് പറയുന്നതിങ്ങനെ: ”ഇത് പായം വിമാനത്താവളത്തിനടുത്താണ്”

പായം എന്നത്, റവല്യൂഷണറി ഗാർഡ്സിന്‍റെ സൈനിക വിമാനത്താവളമാണ്. ഇവിടെ നിന്നാണ് യുക്രൈൻ വിമാനം തകർത്ത എം – 1 ആന്‍റ് എയർക്രാഫ്റ്റ് മിസൈൽ തൊടുത്തതെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് കൺട്രോളർ വീണ്ടും പറയുമ്പോൾ, താൻ കാണുന്നതെന്താണെന്ന് പൈലറ്റ് ആവർത്തിക്കുന്നു.

”അതൊരു മിസൈൽ തന്നെയാണ്”

ഇപ്പോഴെന്തെങ്കിലും കാണുന്നുണ്ടോ എന്ന കൺട്രോളറുടെ ചോദ്യത്തിന് അൽപം ക്ഷുഭിതനായിട്ടാണ് പൈലറ്റ് മറുപടി പറയുന്നത്. ”പ്രിയപ്പെട്ട എഞ്ചിനീയർ, അതൊരു സ്ഫോടനമാണ്. വലിയൊരു പ്രകാശഗോളം കണ്ടു ഞാൻ. എന്താണ് തകർന്നുവീണതെന്ന് മനസ്സിലാകുന്നില്ല”, എന്ന് പൈലറ്റ്.

അപ്പോൾ യുക്രൈൻ വിമാനവുമായി ബന്ധപ്പെടാൻ കൺട്രോളർ ശ്രമിക്കുന്നു. പരാജയപ്പെടുന്നു.

ഈ റെക്കോഡിംഗ് യഥാ‍ർത്ഥമാണെന്ന സ്ഥിരീകരണവുമായി യുക്രൈനിയൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും രംഗത്തെത്തി. ഈ റെക്കോഡിംഗ് അന്വേഷണത്തിന്‍റെ ഭാഗമാണെന്നും, ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പ്രസിഡന്‍റ് അറിയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.