1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതി പ്രകാരമുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്ക. എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന ആനുകൂല്യം യു.എസ്സിലെ വിമാന കമ്പനികള്‍ക്ക് നല്‍കുന്നില്ലെന്നാണ് അമേരിക്കയുടെ ആക്ഷേപം. ഉത്തരവ് 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

കോവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനിടെ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയെങ്കിലും പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വില്‍പന നടത്തി സര്‍വീസ് നടത്തിയെന്ന്‌ ഗതാഗത മന്ത്രാലയം ആരോപിച്ചു. അതേസമയം, അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണമുണ്ട്. ഈ സാഹചര്യം യുഎസ് വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വംശജരെ മടക്കിക്കൊണ്ടുപോകുന്ന നടപടി വ്യാപാര രംഗത്തുള്ള തുല്യ അവകാശത്തിന്റെ നിഷേധമാണെന്നാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. മെയ് 26ന് സമാനമായ സര്‍വീസ് നടത്താന്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനുള്ള ഒരു മാര്‍ഗമായി എയര്‍ ഇന്ത്യ സ്വദേശത്തേക്കുള്ള പ്രത്യേക സര്‍വീസുകള്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കുന്നുവെന്നും യുഎസ് ഏജന്‍സി പറഞ്ഞു.

ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് മുമ്പായി എയര്‍ ഇന്ത്യ അംഗീകാരത്തിനായി അപേക്ഷിക്കണമെന്നും അതുവഴി സര്‍വീസിന്റെ ലക്ഷ്യം പരിശോധിക്കാന്‍ കഴിയുമെന്നുമാണ് അമേരിക്ക പറയുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും മന്ത്രാലയം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.