1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങാൻ സാധിക്കില്ല. ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. അബുദാബി വിമാനത്താവളം വഴി സന്ദർശക വീസക്കാർക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകി.

ഇതുപ്രകാരം, തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് സന്ദർശക വീസയിൽ അബുദാബിയിലേയ്ക്ക് വരാൻ തുനിഞ്ഞ വിദ്യാർഥിയടക്കം ഒട്ടേറെ പേരെ വിമാനത്തിൽ നിന്ന് അവസാന നിമിഷം തിരിച്ചയച്ചു.
ഇന്നലെ രാത്രി 1.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാർക്കാണ് അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നത്.

യുഎഇയിലുള്ള മാതാപിതാക്കളുടെ അരികിലേയ്ക്ക് വരാനായിരുന്നു തമിഴ്നാട്ടിൽ വിദ്യാർഥിയായ യുവാവ് സന്ദർശക വീസ സ്വന്തമാക്കിയത്. എമിഗ്രേഷൻ ന‌ടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം വിദ്യാർഥിയടക്കമുള്ള യാത്രക്കാർ വിമാനത്തിനകത്ത് പ്രവേശിച്ചിരുന്നു. ഒടുവിൽ പറന്നുയരാൻ സമയമായപ്പോഴേയ്ക്കും സന്ദർശക വീസക്കാർക്ക് അബുദാബിയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് വിമാന അധികൃതർ അറിയിക്കുകയായിരുന്നു.

കൊവിഡ്–19 ലോക് ഡൗണിനെ തുടർന്ന് നിർത്തലാക്കിയ യുഎഇ സന്ദർശക വീസ പുനരാരംഭിച്ചപ്പോൾ മറ്റു പല രാജ്യങ്ങളിൽ നിന്നും സന്ദർശക വീസക്കാർ യുഎഇയിലെത്തിയെങ്കിലും ഇന്ത്യയിൽ നിന്ന് അനുവദിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് സന്ദർശക വീസയിൽ വരാൻ ശ്രമിച്ചവരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു.

ഒടുവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പ്രവേശനാനുമതി നൽകുകയായിരുന്നു.

കൊവിഡ് തുടങ്ങിയ ശേഷം ഒാഗസ്റ്റ് 12നാണ് കേരളത്തിൽ നിന്ന് സന്ദർശക വീസക്കാർ യുഎഇയിലെത്തിയത്. യുഎഇയിലേയ്ക്ക് സന്ദർശക വീസയിൽ വരുന്നവരിൽ ഭൂരിഭാഗവും തൊഴിൽത്തേടിയാണ് എത്തുന്നത്. ജോലി അന്വേഷിച്ചെത്തി കൊവിഡ് 19 ലോക് ഡൗൺ കാരണം ഭക്ഷണത്തിനും മറ്റും പണമില്ലാതെ ദുരിതത്തിലാവുകയും ചെയ്ത ആയിരങ്ങളെ ഇന്ത്യൻ അധികൃതരും സന്നദ്ധ സംഘടനകളും മറ്റും ചേർന്നാണ് നാട്ടിലേയ്ക്ക് തിരിച്ചയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.