1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2017

സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന പരാമര്‍ശം, മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്. നടിയേയും ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡബ്ല്യൂസിസി നിയമനടപടി സ്വീകരിക്കുമെന്നും സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച ടിപി സെന്‍കുമാര്‍ ഒരു പ്രമുഖ മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖം വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ചര്‍ച്ചയായിരുന്നു. ഒട്ടേറെ വിഷയങ്ങള്‍ പരാമര്‍ശിച്ച ദീര്‍ഘമായ അഭിമുഖത്തിലെ രണ്ടു കാര്യങ്ങളാണ് പ്രധാനമായും വിവാദത്തിന് കാരണമായത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണവും സംസ്ഥാനത്തെ മുസ്ലിം ജനവിഭാഗത്തെ സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങളുമായിരുന്നു അത്.

അഭിമുഖം വിവാദമായപ്പോള്‍ സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കിരുന്നു. എന്നാല്‍ അഭിമുഖം ഭാഗികമായി പ്രസിദ്ധീകരിച്ചു, പറയാതെ റെക്കോഡ് ചെയ്തു, സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കി തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തുടര്‍ന്ന് അഭിമുഖം നടത്തിയ ലേഖകനും മാധ്യമവും വിശദമായ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

‘ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങള്‍ കേട്ടത്. മലയാള ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തി പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു.

മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങള്‍ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവ’ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യര്‍ത്ഥിക്കുന്നു. മുന്‍ പോലീസ് മേധാവിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.