1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2018

സ്വന്തം ലേഖകന്‍: പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍. 68 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. 

1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആണ് ആദ്യ ചിത്രം. വടക്കന്‍വീരഗാഥ, രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പോലീസ് തുടങ്ങി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 2017 ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍പീസ്’ ആണ് അവസാന ചിത്രം.

1950 ജൂണ്‍ 27ന് പത്തനംതിട്ടയിലെ ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. ഓമല്ലൂര്‍ ഗവ: യു.പി. സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്ന് ബിരുദം നേടിയ 21 ആം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. വിരമിച്ച ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്.

അഭിനയത്തിനൊപ്പം ക്യാപ്റ്റന്‍ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1997ല്‍ ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറി. പിന്നീട് 2012ല്‍ മിസ്റ്റര്‍ പവനായി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.

കഴിഞ്ഞ ജൂലൈയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊച്ചിയിലെ വസതിയിലേക്ക് മടങ്ങിവന്നു. കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെത്തുടര്‍ന്നു വിമാനമിറക്കിയാണു ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമീളയാണ് ഭാര്യ. മകന്‍: രവി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.