1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍, തങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അസമില്‍ പ്രതിഷേധം. പുറത്തുനിന്നെത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നല്‍കുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയവും ഇവിടുത്തുകാര്‍ക്കുണ്ട്.

ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്നാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയത്.
ബുധനാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വീടിന് നേരെ കല്ലേറുണ്ടായത്. ഇതേ ജില്ലയിലുള്ള ബിജെപി എംഎല്‍എ പ്രശാന്ത ഫുകന്‍, മറ്റൊരു പാര്‍ട്ടി നേതാവ് സുഭാഷ് ദത്ത ദുലിയാജന്‍ നഗരത്തിലുള്ള കേന്ദ്ര മന്ത്രി രമേശ്വര്‍ തെളി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് തീവെപ്പും ആക്രണവുമുണ്ടായത്.

പ്രതിഷേധക്കാര്‍ പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകള്‍ നശിപ്പിക്കുകയും തീവെക്കുകയും ചെയ്തതോടെ ദിബ്രുഗഡ് ജില്ലയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ഈ സംഭവങ്ങളുണ്ടായത്. ഗുവാഹത്തിയില്‍ രണ്ട് കമ്പനി സൈന്യത്തേയാണ് വിന്യസിച്ചിട്ടുള്ളത്. ഇവര്‍ നഗരത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഗുവാഹാത്തിയിലടക്കം ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പ്രതിഷേധം കാരണം ബുധനാഴ്ച മുഖ്യമന്ത്രി സോനോവാള്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു.

അസമിനെ കൂടാതെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ അസം റൈഫിള്‍സിനേയാണ് ഇറക്കിയിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അര്‍ധസൈനികരെക്കൂടി വ്യോമമാര്‍ഗം എത്തിച്ചു. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സേനകളില്‍നിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ അതിര്‍ത്തിമേഖലയില്‍നിന്നു പിന്‍വലിച്ചതാണ് ഇതില്‍ 20 കമ്പനിയും.

അതിനിടെ അസമിലെ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി വാഹനങ്ങളും സര്‍ക്കിള്‍ ഓഫീസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. അതിനിടെ ഗുവഹാട്ടിയില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവന്‍ 48 മണിക്കൂര്‍ നേരത്തേക്കുകൂടി നീട്ടി.

ദീബ്രുഘട്ടിലേക്കും ഗുവഹാട്ടിയിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. അതിനിടെ, ഗുവഹാട്ടിയിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സ്ഥലംമാറ്റി. ജനങ്ങള്‍ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയതോടെ ഗുവഹാത്തിയില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഗുവഹാട്ടിയിലേക്കും ദീബ്രുഘട്ടിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി അസമിലെയും ത്രിപുരയിലെയും തീവണ്ടി സര്‍വീസുകള്‍ ബുധനാഴ്ച രാത്രി മുതല്‍ നിര്‍ത്തിവച്ചതായി നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് ഗുവഹാട്ടി റെയില്‍വെ സ്‌റ്റേഷനിലടക്കം കുടുങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.