1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2017

സ്വന്തം ലേഖകന്‍: മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. വിജയ് പ്രധാനകഥാപാത്രമായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് ട്വിറ്ററില്‍ കുറിച്ചു.

‘തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് തമിഴ് സിനിമ. മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴ് ജനതയുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്ന സന്ദേശമാണ് ട്വീറ്റിലൂടെ രാഹുല്‍ പങ്കുവച്ചത്. സിനിമയില്‍ ബിജെപിയെ ചൊടിപ്പിച്ച നോട്ട് നിരോധനം, ഡിജിറ്റല്‍ ഇന്ത്യ രംഗങ്ങളുടെ പശ്ചാത്തലത്തില്‍ ‘ഡിമോണിറ്റൈസേഷന്‍’ എന്ന വാക്കിനെ രണ്ടായി പിരിച്ചെഴുതിയാണ് മോദിക്കെതിരെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

മെര്‍സല്‍ ചിത്രത്തിനെതിരെയുള്ള ബിജെപി നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന നിയമം അധികം വൈകാതെ നിലവില്‍ വരുമെന്ന് ചിദംബരം പരിഹസിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററിലൂടെയാണ് പി ചിദംബരത്തിന്റേയും പ്രതികരണം.

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, അഭിനേതാക്കളായ കമല്‍ഹാസന്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ സിനിമയ്‌ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.

ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകന്‍ പാ രഞ്ജിത് പിന്തുണയുമായെത്തിയത്.

അതേസമയം വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായതും ബിജെപിയ്ക്ക് തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നിര്‍മാതാവ് ഉറപ്പുകൊടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.