1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2019

സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിന്റെ സൌദി, യുഎഇ പര്യടനത്തിന് തുടക്കമായി. അൽയമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻസൽമാനും പുടിനെ സ്വീകരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു വരവേൽപ്പ്. വിമാനത്താവളത്തിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ റഷ്യൻ പ്രസിഡന്റിനെ സ്വീകരിച്ചു. സിറിയ, യമൻ വിഷയങ്ങളിലുൾപെടെ സുപ്രധാനചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിൽ നടക്കും. എണ്ണ ഉൽപാദന നിയന്ത്രണം, കാർബോഹൈഡ്രേറ്റ് വിപണിയിലെ വിലസ്ഥിരത എന്നിവ ചർച്ചാ വിഷയങ്ങളാണ്. മുപ്പതോളം കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നുണ്ട്.

സൗദിയിലേക്ക് പുറപ്പെടും മുമ്പ് അരാംകോ എണ്ണകേന്ദ്രത്തിൽ നടന്ന ആക്രമണത്തെ റഷ്യ ശക്തമായി അപലപിക്കുന്നതായി പുടിൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അക്രമത്തിന് പിന്നിൽ ആരാണെന്നതിനെ കുറിച്ച് പുടിൻ അഭിപ്രായം പറഞ്ഞിരുന്നില്ല. അന്വേഷണത്തിന് സൗദിയുമായി സഹകരിക്കുമെന്നും അക്രമം നടത്തിയവർക്ക് പ്രത്യേകിച്ചൊന്നും നേടാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുമായി റഷ്യക്ക് ഊഷ്മള ബന്ധമാണുള്ളതെന്നും പുടിൻ പറഞ്ഞു. 12 വർഷത്തിന് ശേഷമാണ് പുടിന്റെ സൗദി സന്ദർശനം.

2007-ലായിരുന്നു അവസാനമായി പുടിൻ സൗദിയിലെത്തിയത്. അതിനിടെ സൗദി, റഷ്യൻ കമ്പനികൾ തമ്മിൽ 17 കരാറുകളും ധാരണ പത്രങ്ങളും ഒപ്പുവെച്ചു. സൗദി, റഷ്യൻ ഫോറം ചീഫ് എക്സിക്യൂട്ടീവുകളുടെ യോഗത്തിലാണ് ഇത്രയും ധാരണാ പത്രങ്ങൾ ഒപ്പുവെച്ചത്. ഊർജ്ജം, നിക്ഷേപം, സുസ്ഥിര കാർഷിക വികസനം, ആഗോള ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ഫോറത്തിൽ ചർച്ച നടന്നു.

അതിനിടെ പുടിന്‍ നാളെ യുഎഇ സന്ദര്‍ശിക്കാനിരിക്കെ 200 ബില്യണ്‍ ഡോളറിന്റെ ദേശീയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ യുഎഇ സര്‍ക്കാരിനും നിക്ഷേപകര്‍ക്കും നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നല്‍കുമെന്ന് റഷ്യ അറിയിച്ചു. പുതിയ നിക്ഷേപങ്ങളിലൂടെ റഷ്യ-യുഎഇ ബന്ധം കൂടുതല്‍ ദൃഡമാക്കുകയാണ് ഇരു രാഷ്ട്രങ്ങളുടെയും ലക്ഷ്യം. ബഹിരാകാശ, ആണവ മേഖലകളിലും ഇരു രാജ്യങ്ങളും കൈകോർക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.