1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2011

ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സിനായി നടന്‍ മോഹന്‍ലാല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നു വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം യേശുദാസ് വരാപ്പുഴ എന്നയാള്‍ക്ക് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫിസില്‍ നിന്നു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് അധികാരമില്ലെന്നിരിക്കെ, വനംവകുപ്പ് അദ്ദേഹത്തിനെതിരെ സ്വീകരിച്ച നിയമനടപടിയുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടെങ്കിലും ബാധകമല്ലെന്നാണു വകുപ്പ് നല്‍കിയിരിക്കുന്ന മറുപടി. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്.

ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ആനക്കൊമ്പ് ഭാര്യാപിതാവും ചലച്ചിത്രനിര്‍മാതാവുമായ ബാലാജി സമ്മാനിച്ചതാണെന്നു മോഹന്‍ലാലിന്റെ മൊഴി നല്‍കിയിരുന്നു. ആനക്കൊമ്പുകള്‍ നൂറ് വര്‍ഷം പഴക്കമുള്ളതാണെന്നും ബാലാജി ജനിക്കുംമുമ്പേ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നതെന്നും താരത്തിന്റെ മൊഴിയിലുണ്ട്.

മരുമകനായ മോഹന്‍ലാലിനു പഴയ വസ്തുക്കളോടുള്ള കമ്പം തിരിച്ചറിഞ്ഞ ബാലാജി അതു ലാലിനു സമ്മാനിക്കുകയായിരുന്നുവത്രേ. മോഹന്‍ലാല്‍ ഈ ആനക്കൊമ്പുമായി നില്‍ക്കുന്ന വാര്‍ത്തയും ചിത്രവും ഇരുപതുവര്‍ഷം മുമ്പ് ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിന്റെ രേഖയും മറ്റും ലാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിയ്ക്കാന്‍ ലൈസന്‍സില്ലെന്ന് വ്യക്തമായതോടെ മോഹന്‍ലാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് തന്നെയാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.