1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010

മലയാളി ലോകത്തില്‍ എവിടെച്ചെന്നാലും ആദ്യം ഒരു അസോസിയേഷന്‍ ഉണ്ടാക്കും.കുറെക്കഴിഞ്ഞ് അംഗങ്ങള്‍ കൂടുമ്പോള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍, ഞാനെന്ന ഭാവം തലക്ക് പിടിക്കുമ്പോള്‍ , അസോസിയേഷനുകളുടെ എണ്ണവും കൂടും.യു കെയും ഇതിനൊരപവാദമല്ല.ഒന്നിച്ചു നില്‍ക്കുമ്പോഴുള്ള സംഘടനാ ശക്തി മനസിലാക്കാതെ വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി കൂണു പോലെ പൊട്ടി മുളച്ച മൂന്നും നാലും മലയാളി അസോസിയേഷനുകള്‍  ഉള്ള യു കെ നഗരങ്ങള്‍  നിരവധിയാണ്.അംഗങ്ങളുടെ അഭിപ്രായ എകീകരണത്തില്‍ നേതാക്കള്‍ക്കുള്ള പങ്കും സംഘടന ശക്തിയുടെ പ്രാധാന്യവും വ്യക്തമാക്കുകയാണ് ഡെവന്‍ മലയാളി അസോസിയേഷന് സാരഥി ജോണ്‍ മുളയിങ്കല്‍

എല്ലാം സംഘടനകളോ ??

അനുഭവങ്ങളുടെ അടുക്കുകള്‍ പൊട്ടിവിരിഞ്ഞുണ്ടാകുന്ന അറിവുകള്‍ കോര്‍ത്തുവച്ച്‌, അവ മറ്റുള്ളവരുമായി പങ്കിട്ട്‌, ഊഷ്‌മളമായ ബന്ധങ്ങള്‍ കെട്ടിപ്പടുത്തു വളര്‍ത്തിയെടുക്കുന്ന വേദികളാകണം സംഘടനകള്‍. പുത്തന്‍ പ്രതീക്ഷകളെ കോര്‍ത്തിണക്കിയ പവിഴമുത്തുകള്‍ കഴിവുകള്‍ തെളിയിക്കുമ്പോള്‍ അവര്‍ക്ക്‌ ആവേശവും അനുമോദനങ്ങളും കോരിച്ചൊരിയാന്‍ നാമെന്തേ മടിക്കുന്നു. സ്വാര്‍ഥ താല്‍പര്യങ്ങളെ കടപുഴക്കി എറിഞ്ഞ്‌ സ്‌നേഹത്തിന്റെ ലില്ലിപ്പുഷ്‌പങ്ങള്‍ ആ പുതുനാമ്പുകളില്‍ നട്ടുവളര്‍ത്തിയാലേ മനുഷ്യജന്മള്‍ക്ക്‌ അര്‍ഥങ്ങള്‍ കല്‍പിക്കാനാവൂ.

മഹാകവികള്‍ പാടിയ മലരണിക്കാടുകളും കളകളാരവം പൊഴിക്കുന്ന തേനരുവികളും വിട്ട്‌ മഞ്ഞിന്‍പുതപ്പില്‍ മരവിച്ചുകിടക്കുന്ന പുല്‍മേടുകളും മനുഷ്യര്‍ ചേക്കേറിയ ജനവാസകേന്ദ്രങ്ങളും നിറഞ്ഞ ഇംഗ്ലണ്ടിന്റെ വിരിമാറില്‍ വന്നിറങ്ങിയതെന്തിനാണ്‌. അന്യസംസ്ഥാനങ്ങളിലും ഗള്‍ഫ്‌ നാടുകളിലും വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കി സമ്പാദിച്ചിട്ടും മതിവരാത്തതിനാലോ അതോ സ്വന്തം നാട്ടില്‍ കെട്ടിപ്പൊക്കിയ സൗധങ്ങളുടെ പണി പൂര്‍ത്തീകരിക്കപ്പെടാത്തതിനാലോ? ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും പടുകുഴിയില്‍ നിന്ന്‌ മാതാപിതാക്കളേയും സഹോദരീസഹോദരന്‍മാരേയും കരപറ്റിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു കുടുംബത്തിന്റെ അത്താണിയോ, നാം ഏതുമാകട്ടെ.

‌അധ്വാനഭാരം പങ്കുവയ്‌ക്കാനും കുഞ്ഞുങ്ങളുടെ നേരായ വളര്‍ച്ചക്കും ഭാര്യഭര്‍തൃബന്ധം അനിവാര്യമാണ്‌. തിരക്കേറിയ ജീവിതചര്യകള്‍ക്കിടയ്‌ക്ക്‌ വീണുകിട്ടുന്ന അല്‍പസമയം മാനസ്സിക ഉല്ലാസത്തിനും അറിവുകളും കഴിവുകളും പരസ്‌പരം പങ്കുവയ്‌ക്കാനും വേണ്ടി സംഘടാനപ്രവര്‍ത്തനത്തിനിറങ്ങുന്ന പലരേയും പിന്നോട്ടു പിടിച്ചുവലിക്കുന്ന സങ്കുചിത മനോഭാവം ഇംഗ്ലണ്ടിലും ചിലരെങ്കിലും തുടരുന്നില്ലേ.

മനുഷ്യജീവിതത്തിന്റെ ഇന്നലകളേയും ഇന്നുകളേയും നാളെകളേയും നിയന്ത്രിക്കുന്ന നിയന്താവിന്‌ ഓരോ ജന്മങ്ങളും തുല്യമാണ്‌. ഭൂമിയില്‍ ജനിച്ചുവീഴുന്നവരുടെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതാരാണ്‌? നമ്മുടെ കയ്യില്‍ ഒന്നും ഭദ്രമല്ലെന്ന അറിവ്‌ മനോമുകുരത്തില്‍ തെളിഞ്ഞുനില്‍ക്കട്ടെ. നമ്മുടെ കഴിവുകളും അറിവുകളും മറ്റുള്ളവര്‍ക്ക്‌ ഉപകരിക്കുന്ന രീതിയില്‍ പ്രയോഗിക്കുമ്പോഴാണ്‌ ഓരോരുത്തരും യഥാര്‍ഥ മനുഷ്യനായി തീരുന്നത്‌.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറുള്ള ഡെവന്‍കൗണ്ടിയിലെ ടോര്‍ക്കിയില്‍ വാസമുറപ്പിച്ച ഒരുകൂട്ടം മലയാളികളുടെ സംഘടനയാണ്‌ ഡെവന്‍ മലയാളി അസോസിയേഷന്‍. ഗള്‍ഫില്‍ നിന്ന്‌ സ്വായത്തമാക്കിയ അറിവുകളും കഴിവുകളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനുള്ള ത്വരയുമായി സംഘടനയുടെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ എല്ലാവരേയും ഒരേ ചരടില്‍ ബന്ധിച്ചുകൊണ്ടുപോകുക എന്ന ആഗ്രഹമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.

ആറു വര്‍ഷത്തോളം എല്ലാവരേയും ഒരുപോലെ കാണാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തോടെ ഇപ്പോഴും ഇതിന്റെ സാരഥിയായി തുടരുന്നു. സ്വാര്‍ഥതാല്‍പര്യങ്ങള്‍ ഒന്നുമില്ലാതെ ഈ ചെറിയ കുടുംബത്തെ നയിച്ചുകൊണ്ടുപോകുക, അതില്‍ സംതൃപ്‌തി കണ്ടെത്തുക, അതാണു ഞങ്ങളുടെ വിജയം.

ഭരണസാരഥികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിച്ചു മുമ്പോട്ടുള്ള പ്രയാണത്തിന്‌ എല്ലാവരും കളമൊരുക്കുന്നു. ക്രിസ്‌മസും പുതുവല്‍സരങ്ങളും ഓണവും ഈസ്‌റ്ററും കേരളപ്പിറവിയും ആഘോഷങ്ങളായി കടന്നുവരുന്നു. വിജ്ഞാനവും വിനോദവും കലര്‍ത്തിയ ക്വിസ്‌ മല്‍സരങ്ങളും കലാകായികപ്രകടനങ്ങളും മല്‍സരങ്ങളും സംഘടനയെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു.

കുട്ടികള്‍ക്കു കൂട്ടായ്‌മയുടെ നേട്ടവും പരസ്‌പരസഹകരണത്തിന്റെ ബലവും നന്മയും മനസ്സിലാക്കിക്കൊടുക്കുവാന്‍ ഇവിടെയുള്ളവര്‍ ബദ്ധശ്രദ്ധരാണ്‌. ഇവിടെ വന്ന്‌ പലപ്പോഴായി ആഘോഷത്തില്‍ പങ്കെടുത്തിട്ടുള്ള വിശിഷ്ടാതിഥികള്‍ സംഘടനയെ പ്രശംസിച്ചേ മടങ്ങാറുള്ളു. കേരളീയരുടെ ആതിഥ്യമര്യാദ ഞങ്ങളില്‍ നിന്നു കൈമോശം വന്നിട്ടില്ലെന്നു തെളിയിച്ചുകൊടുത്തതിന്റെ പ്രതിഫലനമാണ്‌ ഞങ്ങള്‍ നേടിയ പ്രശംസകള്‍.

2011 ജനുവരി രണ്ടിന്‌ നടക്കാനിരിക്കുന്ന ക്രിസ്‌മസ്‌ പുതുവല്‍സര ആഘോഷത്തിന്റെ കലാപ്രകടനത്തിനുള്ള റിഹേഴ്‌സലുകള്‍ അണിയറയില്‍ പുരോഗമിച്ചുവരുന്നു. സ്‌ത്രീകളും പുരുഷന്‍മാരും കുട്ടികളും ഒരേപോലെ പങ്കെടുക്കുന്ന പ്രകടനങ്ങളാണ്‌ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌.

കേരളീയ ജീവിതത്തിന്റെ മുഖ്യധാരയില്‍ പങ്കുവഹിക്കുന്ന സ്‌ത്രീകളുടെ കഴിവുകള്‍ ഒരിക്കലും ആര്‍ക്കും കുറച്ചുകാണാന്‍ കഴിയില്ല. പല ചുമതലകളും വഹിക്കാന്‍ കഴിവുറ്റവരാണ്‌ നമ്മുടെ വനിതകള്‍. അവര്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കൊടുത്തുകൊണ്ടുതന്നെ ഓരോ സംഘടനയും പ്രവര്‍ത്തിക്കണം. ഡി.എം.എ അതിനു മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയട്ടെ. ഗോസിപ്പുകളോ, പോര്‍വിളികളോ, തൊഴുത്തില്‍കുത്തോ ഒരു സംഘടനയേയും നയിക്കില്ല.

സ്വാര്‍ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞ്‌ നേട്ടങ്ങളില്‍മാത്രം ആകൃഷ്ടരാകാതെ സംഘടനയെ മുമ്പോട്ടു നയിക്കണമേ എന്ന ഒരപേക്ഷയേ എനിക്കു ഭരണാധികാരികളുടെ മുന്നില്‍ നിരത്തുവാനുള്ളു.

വളര്‍ന്നു വരുന്ന പുതുനാമ്പുകള്‍ക്കു മാതൃകയായി സംഘടിക്കുമ്പോഴുള്ള ശക്തി എന്തെന്ന്‌ അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുവാന്‍ കഴിഞ്ഞാല്‍, നാം നല്ലൊരു കേരളീയന്‍ – ഭാരതീയന്‍ – എന്ന്‌ ഒരാളുടെ നാവിന്‍തുമ്പില്‍ നിന്നു പൊഴിഞ്ഞുവീണാല്‍ നമ്മുടെ ജന്മം സഫലമായി.

ജോണ്‍ മുളയിങ്കല്‍
ഫോണ്‍ 01803614947, 07894906001

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.